കാറ്റലോണിയന്‍ പ്രക്ഷോഭ നേതാവ് കാള്‍സ് പ്യൂജ്‌മോണ്ട് അറസ്റ്റില്‍

pujemount

ബാഴ്‌സലോണ: കാറ്റലോണിയന്‍ പ്രക്ഷോഭ നേതാവ് കാള്‍സ് പ്യൂജ്‌മോണ്ട് അറസ്റ്റില്‍. ഡെന്‍മാര്‍ക്കില്‍നിന്നു ബെല്‍ജിയത്തിലേക്കു പോകവെയാണ് പ്യൂജ്‌മോണ്ട് അറസ്റ്റിലായത്. യൂറോപ്യന്‍ അറസ്റ്റ് വാറന്റിന്റെ അടിസ്ഥാനത്തില്‍ ജര്‍മന്‍ പൊലീസാണു പ്യൂജ്‌മോണ്ടിനെ അറസ്റ്റ് ചെയ്തത്.

കഴിഞ്ഞ ദിവസം വരെ അദ്ദേഹം ഫിന്‍ലാന്‍ഡിലായിരുന്നു. എന്നാല്‍ അറസ്റ്റ് സൂചന ലഭിച്ചതിനെ തുടര്‍ന്ന് അദ്ദേഹം ഇവിടെ നിന്ന് രക്ഷപ്പെടുകയായിരുന്നു. ഒക്ടോബറില്‍ സ്‌പെയിനില്‍ നിന്നു കാറ്റലോണിയ സ്വാതന്ത്ര്യം പ്രഖ്യാപിച്ചതിനു പിന്നാലെ പ്യൂജ്‌മോണ്ട് ബെല്‍ജിത്തിലേക്കു കടന്നിരുന്നു. സ്‌പെയിനില്‍ പ്യൂജ്‌മോണ്ടിനെതിരേ രാജ്യദ്രോഹക്കുറ്റമടക്കമുള്ള കേസുകള്‍ നിലവിലുണ്ട്. 30 വര്‍ഷംവരെ തടവുശിക്ഷ കിട്ടാവുന്ന കുറ്റങ്ങളാണിത്.

നേരത്തെ, കാറ്റലോണിയ സ്‌പെയിനില്‍ നിന്നു സ്വാതന്ത്ര്യം പ്രഖ്യാപിച്ചിരുന്നെങ്കിലും സ്‌പെയിന്‍ ഇത് അംഗീകരിച്ചിട്ടില്ല. സ്‌പെയിനിലെ ഏറ്റവും സമ്പന്ന മേഖലയാണ് കാറ്റലോണിയ. 75 ലക്ഷമാണു ഇവിടുത്തെ ജനസംഖ്യ. കാറ്റലോണിയയെ സ്വതന്ത്ര രാജ്യമായി അംഗീകരിക്കില്ലെന്നു യൂറോപ്യന്‍ യൂണിയനും ഫ്രാന്‍സ്, ജര്‍മനി തുടങ്ങിയ പ്രമുഖ അയല്‍രാജ്യങ്ങളും, അമേരിക്കയും പ്രഖ്യാപിച്ചിട്ടുണ്ട്.

Top