കാറ്റാലന്‍ വിഘടനവാദി നേതാക്കളുടെ പരിരക്ഷ യൂറോപ്യന്‍ യൂണിയന്‍ റദ്ദാക്കി

ബ്രസല്‍സ്: സ്പെയിനിലെ കാറ്റലോണിയ പ്രവിശ്യയുടെ മുന്‍ പ്രസിഡന്റ് കാര്‍ലസ് പ്യുജ്ഡെമോണ്ട്, മുന്‍ മന്ത്രിമാരായ ടോണി കോമിന്‍, ക്ലാര പൊന്‍സാറ്റി എന്നീ വിഘടനവാദി നേതാക്കളുടെ പരിരക്ഷ റദ്ദാക്കി. യൂറോപ്യന്‍ യൂനിയന്‍ പാര്‍ലമെന്റ് ചൊവ്വാഴ്ച വോട്ടെടുപ്പിലൂടെയാണ് ഇവരുടെ പരിരക്ഷ ഒഴിവാക്കാന്‍ തീരുമാനിച്ചത്. നേതാക്കളുടെ പരിരക്ഷ ഒഴിവാക്കുന്നതിനായുള്ള വോട്ടെടുപ്പില്‍ 400 അംഗങ്ങള്‍ പങ്കെടുത്തു. 248 പേര്‍ പരിരക്ഷയെ എതിര്‍ത്ത് വോട്ടു ചെയ്തപ്പോള്‍ 45 പേര്‍ വിട്ടുനിന്നു.

2017ലെ പരാജയപ്പെട്ട സ്വാതന്ത്ര്യപ്രഖ്യാപനത്തിനു ശേഷം അറസ്റ്റിനെ ഭയന്ന് സ്പെയിനിലെ വടക്കുകിഴക്കന്‍ മേഖലയായ കാറ്റലോണിയയില്‍ നിന്ന് കടന്ന് ബെല്‍ജിയത്തില്‍ അഭയം തേടിയ പുജ്ഡെമോണ്ടും ടോണിയും 2017 മുതല്‍ യൂറോപ്യന്‍ പാര്‍ലമെന്റ് അംഗങ്ങളാണ്. സ്‌കോട്ട്ലന്‍ഡില്‍ അഭയം തേടിയ ക്ലാര 2019 മധ്യത്തില്‍ യൂറോപ്യന്‍ പാര്‍ലമെന്റ് അംഗമായി. യൂറോപ്യന്‍ യൂനിയന്‍ അസംബ്ലിയിലെ അംഗങ്ങളായതോടെ ഇവര്‍ക്ക് സംരക്ഷണം ലഭിച്ചു. പരിരക്ഷ റദ്ദാക്കപ്പെട്ട സാഹചര്യത്തില്‍ രാജ്യദ്രോഹം അടക്കമുള്ള കുറ്റങ്ങളില്‍ ഇവരെ വിചാരണ ചെയ്യാന്‍ വിട്ടുനല്‍കണമെന്ന സ്പെയിനിന്റെ ആവശ്യം ബെല്‍ജിയത്തിനും സ്‌കോട്ട്ലന്‍ഡിനും പരിഗണിക്കേണ്ടിവരും. പരിരക്ഷ റദ്ദാക്കിയ യൂറോപ്യന്‍ യൂനിയന്‍ തീരുമാനത്തിനെതിരേ ലക്സംബര്‍ഗിലെ യൂറോപ്യന്‍ കോടതിയില്‍ അപ്പീല്‍ നല്‍കുന്നതിന് കാര്‍ലസ് പ്യുജ്ഡെമോണ്ടിന്റെ നിയമസംഘം ഒരുക്കങ്ങള്‍ നടത്തിവരികയാണ്.

 

Top