ചൈനയില്‍ നിന്ന്‌ ക്യാറ്റ് ക്യൂ വൈറസ്; ഇന്ത്യക്ക് മുന്നറിയിപ്പുമായി ഐ.സി.എം.ആര്‍

ന്യൂഡൽഹി : കോറോണയ്ക്ക് ശേഷം ചൈനയിൽ നിന്നും മറ്റൊരു വൈറസ് ഭീഷണി. ക്യാറ്റ് ക്യൂ (സി.ക്യു.വി) എന്ന പേരിലുള്ള മറ്റൊരു ചൈനീസ് വൈറസിനെക്കുറിച്ച് മുന്നറിയിപ്പ് നല്‍കിയിരിക്കുകയാണ് ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കൽ റിസർച്ച്. ഈ വൈറസ് ഇന്ത്യക്ക് വൻ ഭീഷണിയാണെന്നും വളരെ അധികം വ്യാപിക്കാൻ സാധ്യത ഉള്ള ഒരു വൈറസ് ആണിതെന്നുമാണ് ഐ.സി.എം.ആര്‍. ഗവേഷകര്‍ നൽകുന്ന മുന്നറിയിപ്പ്.

ഇന്ത്യയിലും രോഗം വരാനുള്ള സാധ്യത മുന്നിൽ കണ്ടാണ് ഐ.സി.എം.ആറിന്റെ ഈ മുന്നിറിയിപ്പ്. ഇന്ത്യന്‍ ജേണല്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ചിന്റെ പുതിയ ലക്കത്തിലാണ് ഇതുസംബന്ധിച്ച് പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്. ചൈനയിലും വിയറ്റ്‌നാമിലും ക്യൂലക്‌സ് കൊതുകുകളിലും പന്നികളിലും ഇതിനകം ക്യാറ്റ് ക്യൂ വൈറസ് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. നേരത്തെ 2014 ലും 2017 ലും നടത്തിയ പരിശോധനകളിൽ രാജ്യത്ത് രണ്ടു പേരിൽ ഈ വൈറസിന്റെ ആന്റി ബോഡി കണ്ടെത്തിയിരുന്നു. എന്നാല്‍ ഇവയിലൊന്നും വൈറസ് സാന്നിധ്യം കണ്ടെത്തിയിട്ടില്ല.

പനി , മെനിഞ്ചൈറ്റിസ്, പീഡിയാട്രിക് എൻസെഫലൈറ്റിസ് എന്നീ അസുഖങ്ങൾക്ക് ഈ വൈറസ് കാരണമാകുമെന്ന് ആരോഗ്യ വിദഗ്ധർ പറയുന്നത്. ക്യാറ്റ് ക്യൂ വൈറസ് ആര്‍ത്രോപോഡ് ബോണ്‍ വിഭാഗത്തില്‍പ്പെടുന്ന വൈറസാണ്. സി.ക്യൂവിന്റെ വ്യാപനം മനസ്സിലാക്കുന്നതിന് രാജ്യത്ത് കൂടുതല്‍ സാംപിളുകള്‍ പരിശോധിക്കേണ്ടി വരുമെന്നും ആരോഗ്യവിദഗ്ധർ ചൂണ്ടിക്കാണിക്കുന്നു.

Top