പൂച്ചകളിലെ രോഗത്തിന് നല്‍കുന്ന മരുന്ന് കൊറോണയെ പ്രതിരോധിക്കാന്‍ ഫലപ്രദം

പൂച്ചകളിലെ സാംക്രമിക രോഗത്തിന് നല്‍കുന്ന മരുന്ന് കൊറോണവൈറസിനെ പ്രതിരോധിക്കാന്‍ ഫലപ്രദമെന്ന് ചൈനീസ് ഗവേഷകര്‍. ചൈനീസ് അക്കാദമി ഓഫ് മെഡിക്കല്‍ സയന്‍സസിലെ പ്രൊഫ. സാങ് ഷുയാങിന്റെ നേതൃത്വത്തിലുള്ള സംഘമാണ് കോവിഡിനെതിരെ ജിസി376 എന്ന മരുന്ന് കോവിഡിന്റെ ലബോറട്ടറി പരീക്ഷണങ്ങള്‍ വിജയകരമാണെന്ന് അവകാശപ്പെട്ടിരിക്കുന്നത്.

ഗവേഷണഫലം വിദഗ്ധ പരിശോധനക്കായി bioRXiv അപ്ലോഡ് ചെയ്തിരിക്കുകയാണ്. ജിസി376 ഒരു ‘താരതമ്യേന സുരക്ഷിതവും ഫലപ്രദവുമായ മരുന്ന്’ എന്നാണ് ഗവേഷകരുടെ അവകാശവാദം. കോവിഡ് 19 രോഗത്തിന് കാരണമാകുന്ന സാര്‍സ് കോവ്2 വൈറസിന്റെ Mpro പ്രോട്ടീനുകളെ അമിനോ ആസിഡുകളാക്കി മാറ്റുന്നുവെന്നാണ് പരീക്ഷണത്തില്‍ തെളിഞ്ഞിരിക്കുന്നത്. Mproകളുടെ സഹായമില്ലാതെ കോവിഡ് വൈറസിന് ഇരട്ടിക്കാനാവില്ല.

വളരെ കുറഞ്ഞ അളവിലുള്ള ഈ മരുന്നിന്റെ പ്രയോഗം പോലും മികച്ച ഫലമാണ് നല്‍കുന്നതെന്നാണ് ഗവേഷകര്‍ അവകാശപ്പെടുന്നത്. കലിഫോര്‍ണിയയിലെ ബയോടെക് കമ്പനിയായ അനിവെയ്‌വ് ലൈഫ്‌സയന്‍സസാണ് ജിസി376 എന്ന മരുന്ന് കണ്ടെത്തിയത്. ആന്ത്രസ്തരവീക്കമുള്ള പൂച്ചകള്‍ക്ക് നല്‍കുന്ന മരുന്നാണിത്. കൊറോണ വൈറസ് ബാധയെ തുടര്‍ന്ന് പൂച്ചകള്‍ക്ക് ഈ അസുഖമുണ്ടാവാറുണ്ട്. കോവിഡ് രോഗികളില്‍ പരീക്ഷിക്കുന്നതിന്റെ മുന്നോടിയായി ക്ലിനിക്കല്‍ പരീക്ഷണങ്ങള്‍ക്ക് അനുമതി ലഭിക്കുന്നതിനായുള്ള ശ്രമങ്ങള്‍ അനിവെയ്‌വും ആരംഭിച്ചിട്ടുണ്ട്.

അതേസമയം, കോവിഡ് പൂച്ചവര്‍ഗത്തില്‍ പെട്ട ജീവികളിലേക്ക് പകരുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ പലഭാഗങ്ങളില്‍ നിന്നും വന്നിരുന്നു. ന്യൂയോര്‍ക്കിലെ ബ്രോങ്ക്‌സ് മൃഗശാലയിലെ അഞ്ച് കടുവകള്‍ക്കും മൂന്ന് സിംഹങ്ങള്‍ക്കും ചുമ അടക്കമുള്ള രോഗലക്ഷണങ്ങള്‍ കാണിക്കുകയും പരിശോധനയില്‍ കോവിഡ് സ്ഥിരീകരിക്കുകയും ചെയ്തിരുന്നു.

മാത്രമല്ല ഏപ്രിലില്‍ ഹാര്‍ബിന്‍ വെറ്റനറി ഗവേഷകകേന്ദ്രത്തിലെ ഗവേഷകര്‍ പൂച്ചവര്‍ഗത്തിലെ ജീവികള്‍ക്ക് കോവിഡ് ബാധിക്കാമെന്ന മുന്നറിയിപ്പ് നല്‍കിയിരുന്നു. അതേസമയം നായ, പന്നി, കോഴി, താറാവ് എന്നിവയില്‍ വൈറസ് ബാധ സജീവമല്ല. ചില അസുഖങ്ങളില്‍ മൃഗങ്ങള്‍ക്കും മനുഷ്യര്‍ക്കും ഒരേ മരുന്ന് തന്നെ ഫലപ്രദമാവാറുണ്ടെന്ന് സൗത്ത് ചൈന കാര്‍ഷിക സര്‍വ്വകലാശാലയിലെ പ്രൊഫ. ഗുവോ സിയോഫെങ് അഭിപ്രായപ്പെടുന്നുണ്ട്. നായ്ക്കളില്‍ നിന്നും മനുഷ്യരിലെത്തുന്ന പേവിഷബാധക്കെതിരെ ഉപയോഗിക്കുന്ന റാബിസ് വാക്‌സിന്‍ മനുഷ്യരിലും നായ്കളിലും ഫലപ്രദമാണെന്നും അദ്ദേഹം ചൂണ്ടിക്കാണിക്കുന്നു. സമാനമായ സാധ്യതയിലാണ് ഗവേഷകരുടെ പ്രതീക്ഷ.

Top