ചൈനയില്‍ നിന്നെത്തിയ പൂച്ചയെ നാടുകടത്താന്‍ നീക്കം, എതിര്‍പ്പുമായി പെറ്റ

ചെന്നൈ: അവിചാരിതമായി ചൈനയില്‍ നിന്നെത്തിയ പൂച്ചയെ തിരികെ ചൈനയില്‍ എത്തിക്കാനുള്ള നീക്കവുമായി ചെന്നൈ തുറമുഖം അധികൃതര്‍. എന്നാല്‍ ഇതിനെതിരെ രംഗത്തെത്തിയിരിക്കുകയാണ് പെറ്റ പ്രവര്‍ത്തകര്‍. 20 ദിവസംമുമ്പ് ചെന്നൈ തുറമുഖത്തെത്തിയ കപ്പലിലെ കണ്ടെയ്‌നറിലാണ് പൂച്ചയെ കണ്ടത്. കൊറോണ വൈറസ് (കോവിഡ്-19 ) ഭീതിയെത്തുടര്‍ന്ന് ഇവിടെ പിടിച്ചുവെച്ചിരിക്കുകയാണ്. ഇപ്പോള്‍ ചൈനയിലേക്കുതന്നെ തിരിച്ചയയ്ക്കാനുള്ള ശ്രമങ്ങള്‍ നടത്തുന്നതിനിടെ മൃഗസംരക്ഷണസംഘടനയായ പീപ്പിള്‍ ഫോര്‍ ദി എത്തിക്കല്‍ ട്രീറ്റ്‌മെന്റ് ഓഫ് അനിമല്‍സിന്റെ (പെറ്റ) പ്രവര്‍ത്തകര്‍ രംഗത്തുവരികയായിരുന്നു.

പൂച്ചകളില്‍നിന്നു കൊറോണ വൈറസ് പകരില്ലെന്ന് ശാസ്ത്രീയമായി കണ്ടെത്തിയിട്ടുണ്ടെന്നാണ് പെറ്റ പ്രവര്‍ത്തകരുടെ വാദം. കപ്പല്‍ പുറപ്പെട്ടത് ചൈനയില്‍നിന്നാണെങ്കിലും പൂച്ച അവിടെനിന്നാണെന്ന് ഉറപ്പിക്കാന്‍ സാധിക്കില്ലെന്നും ഇവര്‍ പറയുന്നു. സിങ്കപ്പൂര്‍, കൊളംബോ എന്നിവിടങ്ങളിലെ തുറമുഖങ്ങളില്‍നിന്ന് ചരക്കുകള്‍ കയറ്റുകയും ഇറക്കുകയും ചെയ്തിരുന്നതിനാല്‍ ഈ സ്ഥലങ്ങളില്‍നിന്ന് കയറിയതാകാനും സാധ്യതയുണ്ട്.

ചൈനയില്‍നിന്ന് ചെന്നൈയിലേക്ക് എത്താന്‍ കപ്പലിന് 20 ദിവസത്തോളം വേണ്ടിവന്നു. ഇത്രയുംദിവസം ഭക്ഷണവും വെള്ളവുമില്ലാതെ കണ്ടെയ്‌നറിനുള്ളില്‍ ജീവന്‍ നിലനിര്‍ത്താന്‍ സാധിക്കില്ലെന്നും അതിനാല്‍ ചൈനയില്‍നിന്നായിരിക്കില്ല ഇതു കയറിയതെന്നും പെറ്റ പ്രവര്‍ത്തകര്‍ അഭിപ്രായപ്പെടുന്നു. പൂച്ചയെ തിരിച്ചയയ്ക്കുന്നതിനുപകരം ഇവിടെത്തന്നെ കഴിയാന്‍ അനുവദിക്കണമെന്നാണ് ആവശ്യം. വൈദ്യപരിശോധനകള്‍ക്കും കുത്തിവെപ്പിനുമുള്ള നടപടിയെടുക്കാമെന്നും ഇവര്‍ അറിയിച്ചു.

Top