കാസ്റ്റര്‍ സെമന്യയ്ക്ക് ആശ്വാസ വിധി; സെമന്യ കായികരംഗത്ത് വിവേചനത്തിനിരയായെന്ന് കോടതി

രീരത്തിലെ പുരുഷ ഹോര്‍മോണിന്റെ പേരില്‍ വിലക്കു നേരിടുന്ന ദക്ഷിണാഫ്രിക്കന്‍ അത്‌ലീറ്റ് കാസ്റ്റര്‍ സെമന്യയ്ക്ക് ആശ്വാസ വിധി. സെമന്യ കായികരംഗത്ത് വിവേചനത്തിനിരയായെന്ന് യൂറോപ്യന്‍ മനുഷ്യാവകാശ കോടതി വിധിച്ചു. രാജ്യാന്തര കായിക തര്‍ക്ക പരിഹാര കോടതി, സ്വിസ് ഫെഡറല്‍ ട്രൈബ്യൂണല്‍ എന്നിവയുടെ വിധിക്കെതിരെ സെമന്യ നല്‍കിയ അപ്പീലാണ് മനുഷ്യാവകാശ കോടതി പരിഗണിച്ചത്. മുന്‍പ് കേസ് പരിഗണിച്ച കോടതികള്‍ സെമന്യയുടെ വാദം പൂര്‍ണമായി കേട്ടില്ലെന്നും കോടതി വ്യക്തമാക്കി.

ശരീരത്തില്‍ പുരുഷ ഹോര്‍മോണിന്റെ അളവ് കൂടുതലുള്ള വനിതാ അത്‌ലീറ്റുകള്‍ക്ക് മത്സരങ്ങളില്‍ വിലക്കേര്‍പ്പെടുത്താനുള്ള ലോക അത്‌ലറ്റിക്‌സ് ഫെഡറേഷന്റെ തീരുമാനമാണ് 800 മീറ്ററില്‍ 2 തവണ ഒളിംപിക് ചാംപ്യനായ സെമന്യയ്ക്കു തിരിച്ചടിയായത്. മരുന്ന് കഴിച്ച് ഹോര്‍മോണ്‍ അളവ് കുറച്ചാല്‍ മത്സരിക്കാമെന്ന നിര്‍ദേശം അംഗീകരിക്കാതെ സെമന്യ പുതിയ നിയമത്തിനെതിരെ പോരാട്ടം ആരംഭിച്ചു. കഴിഞ്ഞ 4 വര്‍ഷത്തിനിടെ വിവിധ കോടതികള്‍ അപ്പീല്‍ തള്ളി. തുടര്‍ന്നാണ് മനുഷ്യാവകാശ കോടതിയെ സമീപിച്ചത്. ഹോര്‍മോണ്‍ വിലക്ക് ഉടന്‍ നീങ്ങില്ലെങ്കിലും ഇതിനെതിരായ നിയമപോരാട്ടത്തില്‍ സെമന്യയ്ക്കു കരുത്തേകുന്നതാണ് പുതിയ കോടതി വിധി.

Top