പാഠപുസ്തകത്തില്‍ നിന്നും മാറുമറയ്ക്കല്‍ സമരം ഒഴിവാക്കിയതിനെതിരെ വിമര്‍ശനവുമായി മുഖ്യമന്ത്രി

pinarayi-vijayan-

തിരുവനന്തപുരം: എന്‍സിഇആര്‍ടിയുടെ പാഠപുസ്തകത്തില്‍ നിന്നും നവോത്ഥാന മുന്നേറ്റങ്ങളെ ഒഴിവാക്കിയ നടപടിയില്‍ വിമര്‍ശനവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. ചരിത്ര പുസ്തകങ്ങളെ തെറ്റായ രീതിയില്‍ മാറ്റിയെഴുതുന്ന സംഘപരിവാര്‍ കാഴ്ചപ്പാടുകള്‍ പ്രതിഫലിക്കുന്നതാണ് ഈ നടപടിയെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.

സമത്വത്തിന്റെ ആശയങ്ങള്‍ ഏറ്റവും പ്രചരിപ്പിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ശ്രമിക്കുന്ന ഘട്ടത്തിലാണ് അവയെ തിരസ്‌കരിക്കുന്ന നടപടി എന്‍സിഇആര്‍ടിയില്‍ നിന്നുണ്ടായിട്ടുള്ളത്. നവോത്ഥാന മൂല്യങ്ങളെ പുതിയ തലമുറയുടെ ബോധങ്ങളില്‍ നിന്ന് മായ്ച്ചുകളയാനുള്ള ശ്രമമാണിതെന്ന് ഈ നാടിനെ സ്‌നേഹിക്കുന്നവര്‍ തിരിച്ചറിയണമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

എന്‍.സി.ഇ.ആര്‍.ടി. പാഠപുസ്തത്തില്‍ നിന്നും കേരള ചരിത്രത്തിലെ മാറുമറയ്ക്കല്‍ പ്രക്ഷോഭമടക്കമുള്ള പാഠഭാഗങ്ങള്‍ ആണ് ഒഴിവാക്കിയിരുന്നത്. ഒമ്പതാം ക്ലാസിലെ ചരിത്ര പാഠപുസ്തകത്തിലെ 70-പേജുകളാണ് ഒഴിവാക്കിയിരിക്കുന്നത്.

കുട്ടികളുടെ പഠനഭാരം കുറയ്ക്കുകയെന്ന ലക്ഷ്യത്തോടെയാണ് ഈ പാഠഭാഗം നീക്കിയതെന്നാണ് എന്‍.സി.ആര്‍.ടി.യുടെ ഭാഗത്തുനിന്നുള്ള വിശദീകരണം. വസ്ത്രധാരണം നമ്മുടെ സാമൂഹിക മാറ്റങ്ങളില്‍ എങ്ങനെ സ്വാധീനം ചെലുത്തി എന്നതിനെ കുറിച്ചുള്ള പാഠത്തിലായിരുന്നു മാറുമറയ്ക്കല്‍ പ്രക്ഷോഭത്തെ കുറിച്ച് പറഞ്ഞിരുന്നത്.

കേന്ദ്ര മാനവിഭവശേഷി മന്ത്രി പ്രകാശ് ജാവദേക്കറുടെ നിര്‍ദേശപ്രകാരമാണ് ഈ മൂന്ന് പാഠങ്ങള്‍ മാറ്റിയത്. ‘ഇന്ത്യ ആന്‍ഡ് കണ്ടംപററി വേള്‍ഡ്’ എന്ന പുസ്‌കത്തില്‍ നിന്നാണ് കേരളത്തിലെ സാമൂഹിക പ്രക്ഷോഭങ്ങള്‍ പ്രതിപാദിക്കുന്ന പാഠഭാഗം നീക്കം ചെയ്തിരിക്കുന്നത്.

വസ്ത്രധാരണത്തെ സംബന്ധിച്ച പാഠഭാഗത്തിന് പുറമേ കായിക ചരിത്രം, കര്‍ഷക പ്രക്ഷോഭങ്ങള്‍ എന്നിവയുമായി ബന്ധപ്പെട്ട ചാപ്റ്ററുകളിലും മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട്

Top