ജാതി, മതം, നിറം, ദേശം . . . അതുക്കും മീതെയാണ് ചുവപ്പ് പ്രത്യയശാസ്ത്രം !

ജാതി, മതം, നിറം, സമ്പത്ത്… ഇവയൊന്നും ഇടതുപക്ഷത്തെ സംബന്ധിച്ച് പ്രത്യേകിച്ച് സി.പി.എമ്മിനെ സംബന്ധിച്ച് സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തില്‍ സ്വാധീനം ചെലുത്തുന്ന ഘടകങ്ങളല്ല. എല്ലാറ്റിനും ഉപരി മനുഷ്യനെയും അവന്റെ കഷ്ടപ്പാടുകളെയും തിരിച്ചറിയുകയും അതിനു വേണ്ടി നിലനില്‍ക്കുകയും ചെയ്യുന്ന പ്രത്യേയ ശാസ്ത്രമാണ് സി.പി.എമ്മിന്റെ കരുത്ത്. ഇക്കാര്യം ഇപ്പോള്‍ ഇവിടെ സൂചിപ്പിക്കാന്‍ കരണം പുറത്തു വന്ന സ്ഥാനാര്‍ത്ഥി നിര്‍ണ്ണയവുമായി ബന്ധപ്പെട്ട വിവാദങ്ങളാണ്. തിരുത്തേണ്ട കാര്യം തിരുത്തേണ്ട മണ്ഡലത്തില്‍ സി.പി.എം ഇതിനകം തന്നെ തിരുത്തിയിട്ടുണ്ട്. തരൂര്‍ മണ്ഡലം അതിനു ഒന്നാന്തരം ഒരു ഉദാഹരണമാണ്.

പിന്നീട് പ്രതിഷേധ കൊടി ഉയര്‍ന്നത് പൊന്നാനിയിലും കുറ്റ്യാടിയിലുമാണ്. ഈ മണ്ഡലങ്ങളില്‍ പ്രതിഷേധവുമായി രംഗത്തിറങ്ങിയത് സി.പി.എം അനുഭാവികള്‍ തന്നെയാണ്. അക്കാര്യത്തില്‍ യാതൊരു തര്‍ക്കവുമില്ല. അവരെ ഇതിലേക്ക് നയിച്ച വികാരം എന്തുതന്നെ ആയാലും അതു രാഷ്ട്രീയ എതിരാളികള്‍ക്കാണ് ആയുധമായി മാറുക. ഇക്കാര്യം കൂടി പ്രതിഷേധക്കാര്‍ ഓര്‍ക്കുന്നത് നല്ലതാണ്. കുറ്റ്യാടി സി.പി.എമ്മിന്റെ ശക്തി കേന്ദ്രമാണ് എന്നതില്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ക്കു പോലും സംശയമുണ്ടാകുകയില്ല. ഇത്തവണ ഇടതുപക്ഷത്തിന് വിജയിക്കാന്‍ എല്ലാ സാധ്യതയും ഉള്ള മണ്ഡലം കൂടിയാണിത്. ഇത്തരമൊരു സീറ്റ് ഘടക കക്ഷിയായ കേരള കോണ്‍ഗ്രസ്സിനു വിട്ടു കൊടുത്തതാണ് സി.പി.എമ്മിലെ ഒരു വിഭാഗത്തെ ചൊടിപ്പിച്ചിരിക്കുന്നത്.

തീര്‍ച്ചയായും ഈ വികാരത്തെ തളളിപ്പറയുന്നില്ല. പക്ഷേ പ്രതിഷേധക്കാര്‍ ഓര്‍ക്കേണ്ട ഒരു കാര്യമുണ്ട്. ശക്തി നോക്കിയാണ് സീറ്റ് വിഭജനം നടത്തുന്നതെങ്കില്‍ കേരളത്തില്‍ ഒരു സീറ്റും ഘടക കക്ഷിക്കു വിട്ടു കൊടുക്കേണ്ട ആവശ്യം സി.പി.എമ്മിനു വരികയില്ല. കാരണം ഇടതുപക്ഷത്തെ മറ്റെല്ലാ പാര്‍ട്ടികളും മത്സരിക്കുന്ന മണ്ഡലങ്ങളിലെയും ഏറ്റവും വലിയ ശക്തി സി.പി.എം തന്നെയാണ്. സി.പി.എമ്മിനേക്കാള്‍ ശക്തി മറ്റൊരു ഇടതു കക്ഷികള്‍ക്കും ഒരു മണ്ഡലത്തിലുമില്ല എന്നതും വിലയിരുത്തപ്പെട്ട കാര്യമാണ്. എന്നിട്ടും സി.പി.എം ഇത്രയധികം വിട്ടു വീഴ്ച ചെയ്യുന്നത് മുന്നണി മര്യാദ മുന്‍ നിര്‍ത്തിയാണ്. ഒറ്റയ്ക്ക് മത്സരിച്ച് ഭരണം പിടിക്കാന്‍ കരുത്താര്‍ജിക്കും വരെ ഇത്തരം വിട്ടുവീഴ്ചകള്‍ ഇനിയും സി.പി.എമ്മിനു വേണ്ടിവരും.

അതേസമയം, ഇടതുപക്ഷത്ത് ഇപ്പോള്‍ താരതമ്യേന ശക്തിയുള്ള ഘടക കക്ഷി തന്നെയാണ് കേരള കോണ്‍ഗ്രസ്സ്. കോട്ടയം, ഇടുക്കി, പത്തനംതിട്ട ജില്ലകളിലും എറണാകുളം ജില്ലയിലെ ചില മണ്ഡലങ്ങളിലും മലയോര ജില്ലകളിലും ജോസ് കെ മാണിയുടെ ഈ പാര്‍ട്ടിക്ക് സ്വാധീനം ഉണ്ട്. കേരള കോണ്‍ഗ്രസ്സിനു സ്വാധീനമുള്ള ജില്ലയില്‍ മാത്രം അവര്‍ക്ക് അനുവദിച്ച സീറ്റുകള്‍ മുഴുവന്‍ നല്‍കിയാല്‍ സി.പി.എമ്മിനും മറ്റു ഘടക കക്ഷികള്‍ക്കും മത്സരിക്കാന്‍ പോലും ഈ ജില്ലകളില്‍ സീറ്റുകള്‍ ഉണ്ടാകില്ല. അതു കൊണ്ടാണ് കുറ്റ്യാടി ഉള്‍പ്പെടെ നിലവില്‍ വിട്ടു കൊടുക്കേണ്ടി വന്നിരിക്കുന്നത്. ഈ പ്രത്യേക സാഹചര്യമാണ് സി.പി.എം അണികളും തിരിച്ചറിയേണ്ടത്. സി.പി.എം അതിന്റെ അഞ്ച് സിറ്റിംഗ് സീറ്റുകളടക്കം ഏഴു സീറ്റുകളാണ് ഘടക കക്ഷികള്‍ക്കായി വിട്ടു നല്‍കിയിരിക്കുന്നത്. ഇത്തരമൊരു വിട്ടു വീഴ്ച മറ്റൊരു രാഷ്ട്രീയ പാര്‍ട്ടിക്കും ചിന്തിക്കാന്‍ പോലും പറ്റാത്തതാണ്.

ഭരണ തുടര്‍ച്ച ലക്ഷ്യമിട്ട് സ്വീകരിക്കുന്ന ഈ നിലപാടുകളെ പോസ്റ്റീവായി കാണുന്നതിനു പകരം നെഗറ്റീവായി കണ്ട് പ്രതികരിച്ചാല്‍ ചുവപ്പിന്റെ കണക്കു കൂട്ടലുകളാണ് തെറ്റുക. അതിന് നിന്നു കൊടുക്കണമോ എന്നു ചിന്തിക്കേണ്ടതും പ്രതിഷേധക്കാര്‍ തന്നെയാണ്. ആര്‍ക്കു വേണ്ടിയാണോ നിങ്ങള്‍ പ്രതിഷേധകൊടി പിടിച്ചത് അവര്‍ തന്നെ പാര്‍ട്ടി തീരുമാനത്തിന് അപ്പുറം മറ്റൊന്നും തന്നെ ഇല്ലെന്ന് വ്യക്തമാക്കി കഴിഞ്ഞു. ഈ നിലപാടും തെരുവില്‍ ഇറങ്ങിയവര്‍ മുഖവിലക്കെടുക്കേണ്ടതുണ്ട്. പൊന്നാനിയിലെ പ്രതിഷേധങ്ങളെ മുതലെടുക്കാന്‍ ബി.ജെ.പി നടത്തുന്ന നീക്കങ്ങളും അപകടകരമാണ്. ‘മലപ്പുറത്ത് പൊന്നാനിയില്‍ പോലും ഒരു ഹിന്ദു സ്ഥാനാര്‍ത്ഥിക്ക് മത്സരിക്കാന്‍ കഴിയാത്ത അവസ്ഥയാണെന്നും മുസ്ലിം സ്ഥാനാര്‍ത്ഥി വേണമെന്ന് പറഞ്ഞ് പാര്‍ട്ടിക്കാര്‍ റോഡില്‍ ഇറങ്ങിയിരിക്കുകയാണെന്നുമാണ് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍ പ്രതികരിച്ചിരിക്കുന്നത്.

പൊന്നാനിയിലെ മത-സാമുദായിക സമവാക്യത്തെ മുന്‍നിര്‍ത്തി ഹിന്ദുവായ നന്ദകുമാറിനെ അംഗീകരിക്കാതെ മുസ്ലീമായ സിദ്ദീഖിനായി മുറവിളി കൂട്ടുന്നു എന്ന പ്രചരണവും ശക്തമാണ്. വസ്തുതക്ക് നിരക്കാത്ത വാദങ്ങളാണിത്. പൊന്നാനിയുടെ മണ്ണില്‍ രണ്ടു തവണ വെന്നിക്കൊടി പാറിച്ച ശ്രീരാമകൃഷ്ണന്‍ എന്ന കമ്യൂണിസ്റ്റിനെയാണ് സുരേന്ദ്രനെ പോലെയുള്ളവര്‍ കാണാതെ പോകുന്നത്. ഇതുവരെയുള്ള തെരഞ്ഞെടുപ്പ് ചരിത്രത്തില്‍ പൊന്നാനിയില്‍ എന്നല്ല ഒരു മണ്ഡലത്തിലും ഇന്നോളം ദേശവും മതവും നോക്കി സി.പി.എം സ്ഥാനാര്‍ത്ഥികളെ നിര്‍ത്തിയിട്ടില്ല. ഇക്കാര്യത്തില്‍ സി.പി.എം പൊന്നാനി ഏരിയാ സെക്രട്ടറി പി.കെ ഖലീമുദ്ദീന്റെ ഫെയ്‌സ് ബുക്ക് പോസ്റ്റ് തന്നെ ഒന്നാന്തരം മറുപടിയാണ്. ഇതിനകം തന്നെ വൈറലായ ആ ഫെയ്‌സ് ബുക്ക് പോസ്റ്റിലെ പ്രസക്തഭാഗങ്ങള്‍ ഇങ്ങനെയാണ്.

‘കേരള നിയമസഭ പോലും ചേരാതെ പോയ ഒരു തിരഞ്ഞെടുപ്പ് ഉണ്ടായിരുന്നു.,1965ല്‍…, അന്ന് മണ്ണാര്‍ക്കാട്ടു നിന്നും തിരഞ്ഞെടുക്കപ്പെട്ടത് സി.പി.എം കാരനായ ഒരു നാട്ടുകാരനാണ്. പി.എ ശങ്കരന്‍ എന്നാണ് അദ്ദേഹത്തിന്റെ പേര്. രണ്ട് വര്‍ഷം കഴിഞ്ഞ് 1967ല്‍ വീണ്ടും നടന്ന തിരഞ്ഞെടുപ്പില്‍ എന്നാല്‍, നാട്ടുകാരനായ ശങ്കരനായിരുന്നില്ല മണ്ണാര്‍ക്കാട്ടു നിന്നും വീണ്ടും മത്സരിച്ചിരുന്നത്. പൊന്നാനിക്കാരനായ സംസ്ഥാന കമ്മിറ്റി അംഗം സ.ഇ.കെ. ഇമ്പിച്ചിബാവയായിരുന്നു അന്ന് പകരമെത്തിയിരുന്നത്. ഒരു പക്ഷേ ഇമ്പിച്ചിബാവ എന്ന സാധാരണ മനുഷ്യനെ കരുത്തുറ്റ പ്രായോഗിക ഭരണ കര്‍ത്താവായി കേരളം അറിയാന്‍ നിമിത്തമായതും മണ്ണാര്‍ക്കാട്ടെ ജനങ്ങളുടെ ഈ വിശാല മനസ്സുമൂലമാണ്. പ്രായോഗികമതിയായ ഒരു ഭരണ കര്‍ത്താവിനെ കേരളത്തിനും ഒരു വികസന നായകനെ പൊന്നാനിക്കും സമ്മാനിച്ചത് മണ്ണാര്‍ക്കാട്ടെ പ്രബുദ്ധരായ ജനതയാണ്.

ആ തിരഞ്ഞെടുപ്പില്‍ മണ്ണാര്‍ക്കാട് ഇമ്പിച്ചിബാവയുടെ തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ക്ക് നെടുനായകത്വം വഹിച്ചത് 1965 ല്‍ ജയിച്ചിട്ടും എം.എല്‍.എ ആകാന്‍ കഴിയാതെ പോയ സ.ശങ്കരനായിരുന്നു എന്നതും ഖലീമുദ്ദീന്‍ തന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ ഓര്‍മ്മിപ്പിച്ചിട്ടുണ്ട്. കമ്മ്യൂണിസ്റ്റ് പ്രവര്‍ത്തകരെ സംബന്ധിച്ച് പാര്‍ട്ടി തീരുമാനങ്ങളാണ് പ്രധാനം. അവ നടപ്പാക്കുന്നതിലെ പൂര്‍ണ്ണതയാണ് പാര്‍ട്ടി പ്രവര്‍ത്തകനെ അളക്കുന്നതിനുള്ള അളവ് കോല്‍ എന്നും സി.പി.എം ഏരിയാ സെക്രട്ടറി ചൂണ്ടിക്കാട്ടിയിട്ടുണ്ട്. തീരുമാനം എന്നത് കേവലമായ ഒന്നല്ല. നിരന്തരമായ പരിശോധനകളുടേയും ചര്‍ച്ചകളുടേയും അടിസ്ഥാനത്തില്‍ രൂപപ്പെടുന്ന യുക്തി തന്നെയാണത്. പൊന്നാനിയില്‍ കിതയ്ക്കുകയും കുതിക്കുകയും ചെയ്ത പാര്‍ട്ടിയാണ് സി.പി.എം. സാക്ഷാല്‍ ഇമ്പിച്ചിബാവ പോലും ഈ മണ്ണില്‍ രണ്ടു തവണ തോല്‍ക്കുകയും ഒരു തവണ മാത്രം വിജയിക്കുകയും ചെയ്തിട്ടുണ്ട്.

ഇമ്പിച്ചിബാവ, കെ.ശ്രീധരന്‍, പാലൊളി മുഹമ്മദ് കുട്ടി, ടി.കെ.ഹംസ, പി.ശ്രീരാമകൃഷ്ണന്‍ എന്നിവര്‍ 1977 മുതല്‍ പൊന്നാനിയില്‍ മത്സരിച്ചിട്ടുണ്ട്. ഇവരാരും പ്രത്യേക ദേശക്കാരായിരുന്നില്ല. പ്രത്യേക മതക്കാരും ജാതിക്കാരുമായിരുന്നില്ല. ഇവരെല്ലാം സി.പി.എമ്മിന്റെ ഓരോ കാലത്തേയും നേതാക്കന്‍മാരായിരുന്നു. ഇവരെ പരിഗണിച്ചതിന് പാര്‍ട്ടി കണ്ട യോഗ്യത അവര്‍ പാര്‍ട്ടി നേതാക്കന്‍മാരായിരുന്നു എന്നത് മാത്രമായിരുന്നു എന്നും ഖലീമുദ്ദീന്‍ തുറന്നടിച്ചിട്ടുണ്ട്. പൊന്നാനിയിലെ സി.പി.എമ്മിന്റെ കരുത്ത് അതിന്റെ അണികളാണ്. വൈകാരികതയുടെ ഈ തീരം പാര്‍ട്ടിയെ സ്‌നേഹിക്കുന്നത് ഹൃദയത്തില്‍ ചേര്‍ത്ത് പിടിച്ചാണ്. കെ.ദാമോദരന്‍ മുതല്‍ ഇമ്പിച്ചിബാവ വരെ അവരുടെ മുന്നിലുള്ള മാതൃകകളാണ്.

പാലൊളി മുതല്‍ ശ്രീരാമകൃഷ്ണന്‍ വരെ അവരുടെ മനം കവര്‍ന്ന നേതാക്കളുമാണ്. ബീഡി തൊഴിലാളികളും വഞ്ചിത്തൊഴിലാളികളും, മത്സ്യത്തൊഴിലാളികളും, കര്‍ഷകത്തൊഴിലാളികളും കാലാകാലങ്ങളില്‍ നയിച്ചാണ് പൊന്നാനി ജില്ലയിലെ തലയെടുപ്പുള്ള കമ്മ്യൂണിസ്റ്റ് തുരുത്തായി ഈ തീരത്തെ മാറ്റിയിരിക്കുന്നത്. കഴിഞ്ഞ ദിവസം പൊന്നാനിയില്‍ നടന്ന ജാഥ തെറ്റിദ്ധരിക്കപ്പെട്ട സഖാക്കളുടെ വികാര പ്രകടനമായാണ് മനസ്സിലാക്കുന്നതെന്നും സി.പി.എം ഏരിയാ സെക്രട്ടറി ഖലീമുദ്ദീന്‍ ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ തുറന്നു പറഞ്ഞിട്ടുണ്ട്. അതില്‍ പങ്കെടുത്തവരെല്ലാം ഈ പാര്‍ട്ടിയെ സ്‌നേഹിക്കുന്നവരാണ്. പാര്‍ട്ടി തോല്‍ക്കരുത് എന്ന് ശാഠ്യമുള്ളവരാണ്. അതിലൊരു മത വാദിയേയും വലത് പക്ഷക്കാരനേയും കാണാന്‍ ഒരിക്കലും കഴിയുകയില്ല.

എന്നാല്‍ സമര്‍ത്ഥമായാണ് ഫാസിസ്റ്റ് ശക്തികള്‍ ഇതിനെ വര്‍ഗ്ഗീയ വല്‍ക്കരിക്കാന്‍ ശ്രമിക്കുന്നതെന്നും ഇതിനെ ചെറുക്കണമെന്നും ഖലീമുദ്ദീന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. സി.പി.എം അണികള്‍ക്കിടയില്‍ ഇതിനകം തന്നെ വലിയ പിന്തുണയാണ് ഈ പ്രതികരണത്തിനിപ്പോള്‍ ലഭിച്ചിരിക്കുന്നത്. വിവാദങ്ങള്‍ക്കിടയിലും ഉശിരുള്ള രാഷ്ട്രീയ പോരാട്ടത്തിനു തന്നെയാണ് പൊന്നാനിയും ഇനി സാക്ഷ്യം വഹിക്കാന്‍ പോകുന്നത്.

 

Top