തൃപ്പുത്തരി സദ്യക്ക് ദേവസ്വം ബോർഡിന് നമ്പൂതിരിയെ വേണം പാചകത്തിന് !

devasom board

ബരിമലയില്‍ യുവതികളെ പ്രവേശിപ്പിക്കണമെന്ന കോടതി വിധി നടപ്പാക്കാനുള്ള തീരുമാനവുമായി സര്‍ക്കാര്‍ മുന്നോട്ടു പോകുന്നതിനിടയിലും ദേവസ്വം ബോര്‍ഡിനു കീഴിലുള്ള ക്ഷേത്രങ്ങളിലെ ജാതി വിവേചനം അവസാനിക്കുന്നില്ല.

ഇരിങ്ങാലക്കുട കൂടല്‍മാണിക്യം ക്ഷേത്രത്തിനായി രൂപീകരിച്ച കൂടല്‍ മാണിക്യം ദേവസ്വം കഴിഞ്ഞ ദിവസം പുറത്തിറക്കിയ ക്വട്ടേഷന്‍ പരസ്യമാണ് ഇപ്പോള്‍ വിവാദമായിരിക്കുന്നത്.

കൂടൽ മാണിക്യം ക്ഷേത്ര ദേവസ്വം പത്രങ്ങളിൽ നൽകിയ ഒരു പരസ്യത്തിൽ വെറുതെ ഒന്ന് കണ്ണോടിച്ചാൽ ഇക്കാര്യം വ്യക്തമാകും. കൂടൽ മാണിക്യം ദേവസ്വം പുറത്തിറക്കിയ ക്വട്ടേഷൻ പരസ്യത്തിൽ ജാതീയതയുടെ അടയാളപെടുത്തലുണ്ട് .അതിങ്ങനെയാണ്. തൃപ്പുത്തരി ,മണ്ഡല കാലാചരണം എന്നിവയോടനുബന്ധിച്ചുള്ള ക്വട്ടേഷനിൽ തൃപ്പുത്തരി സദ്യയൊരുക്കാൻ നമ്പൂതിരി അല്ലെങ്കിൽ എമ്പ്രാതിരി സമുദായക്കാർ മാത്രം അപേക്ഷിച്ചാൽ മതിയെന്ന് പരസ്യത്തിൽ പറയുന്നു .

സദ്യ ഒരുക്കല്‍, ബാരിക്കേഡ് നിര്‍മ്മാണം, വിശ്രമ കേന്ദ്രം ഒരുക്കല്‍ എന്നിവയ്ക്കാണ് ക്വട്ടേഷന്‍ ക്ഷണിച്ചിരിക്കുന്നത്. അതേ സമയം ബാരിക്കേഡുകളും വിശ്രമ കേന്ദ്രവും നിര്‍മ്മിക്കുന്നത് പ്രത്യേക ജാതിയില്‍പ്പെട്ടവര്‍ക്കായി സംവരണം ചെയ്തിട്ടുമില്ല.

സംസ്ഥാനത്തെ വിവിധ ‍ ദേവസ്വം ബോർഡുകൾ അബ്രാഹ്മണ ശാന്തിക്കാരെ നിയമിക്കാനുള്ള ചരിത്രപരമായ നീക്കവുമായി മുന്നോട്ടു പോകുന്നതിനിടെയാണ് കൂടല്‍മാണിക്യം ദേവസ്വം ഭക്ഷണകാര്യത്തില്‍ പരസ്യമായി ജാതി വിവേചനം നടത്തുന്നത്.

devasom board

നവംബർ 14നാണ് തൃപ്പുത്തരി സദ്യ ഒരുക്കുന്നത്. ഇതിനായാണ് സവർണ്ണ വിഭാഗങ്ങളുടെ ജാതി എടുത്ത് പറഞ്ഞു ക്വട്ടേഷന്‍ ക്ഷണിച്ചിരിക്കുന്നത്. സർക്കാർ ധനസഹായം കൊണ്ട് പ്രവർത്തിക്കുന്ന കൂടൽമാണിക്യം ക്ഷേത്രത്തിൽ സവർണ വിഭാഗങ്ങൾക്കുള്ള അപ്രമാദിത്യമാണ് നമ്പൂതിരി, എമ്പ്രാന്തിരി വിഭാഗങ്ങളെ മാത്രം ഭക്ഷണം ഉണ്ടാക്കാൻ ക്ഷണിച്ചിരിക്കുന്നതിലൂടെ വ്യക്തമാവുന്നത്.

കൂടൽ മാണിക്യം ദേവസ്വം അഡ്മിനിസ്ട്രേറ്ററിന്റെ പേരിലാണ് ക്വട്ടേഷന്‍ ക്ഷണിച്ചിരിക്കുന്നത്. അതേ സമയം ദേവസ്വം ബോർഡിന്റെ പത്രപരസ്യത്തിനെതിരെ ഇതിനോടകം വിമർശനം ഉയർന്നു കഴിഞ്ഞു. വരും ദിവസങ്ങളിൽ ബോർഡിന്റെ സവർണ്ണ മേധാവിത്വ നീക്ക കൂടുതൽ ചർച്ചകൾക്ക് വഴിമാറുമെന്ന് ഉറപ്പായി കഴിഞ്ഞു. ഇങ്ങനെയെന്ത് ചർച്ച കൾ നടന്നാലും ചില പ്രത്യേക ആചാരങ്ങൾ മാറ്റാതെ നിലനിർത്തുന്നത് സർക്കാരിന്റെ താല്പര്യം തുണയാകുന്നുണ്ടോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു.

ശബരിമലയിലെ യുവതീ പ്രവേശനം ചർച്ചയായപ്പോൾ സ്ത്രീകൾക്ക് പ്രവേശന വിലക്കുള്ള സി പി എം പാർട്ടി ഗ്രാമങ്ങളിലെ ക്ഷേത്രങ്ങളും ചർച്ചയായി .വ്യക്തമായ നിലപാട് ഈ വിഷയത്തിൽ സമൂഹത്തെ ബോധിപ്പിക്കാൻ പോലും സി പി എം ന് കഴിഞ്ഞില്ല .ഒഴിവാക്കാൻ സമയമതിക്രമിച്ച ആചാരങ്ങളെ സർക്കാർ സംവിധാനവും ദേവസ്വവും പിന്തുടരുന്നതിന്റെ തെളിവ് കൂടിയാണ് കൂടൽമാണിക്യം ദേവസ്വം ബോർഡിന്റെ ഈ പരസ്യം .

കേരളീയ സമൂഹത്തിൽ നിന്ന് അയിത്തം പൂർണ്ണമായും തുടച്ച് നീക്കാൻ കഴിഞ്ഞിട്ടില്ലെന്ന് കൂടിയാണ് ഇത് വ്യക്തമാക്കുന്നത്.. പുരോഗമനം മലയാളിയുടെ വെറും വീമ്പ് പറച്ചിൽ മാത്രമാണ് . ഇങ്ങനെ നവോത്ഥാന കേരളത്തിൽ ജാതി വെറി പലരൂപത്തിലും പല ഭാവത്തിലും വീണ്ടും തിരിച്ചു വരുമോയെന്ന് സംശയിക്കേണ്ടിയിരിക്കുന്നു.

റിപ്പോര്‍ട്ട് : ശ്യാമപ്രസാദ്

Top