കടുത്ത ജാതിവിവേചനം; തമിഴ്‌നാട്ടില്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥനെ കൊണ്ട് കാലുപിടിപ്പിച്ചു

ചെന്നൈ: തമിഴ്‌നാട്ടില്‍ വീണ്ടും കടുത്ത ജാതിവിവേചനം. കോയമ്പത്തൂരില്‍ ദളിതനായ സര്‍ക്കാര്‍ ഉദ്യോഗസ്ഥനെക്കൊണ്ട് മേല്‍ജാതിക്കാരനായ ഒരാളുടെ കാല് പിടിപ്പിച്ച ദൃശ്യങ്ങളാണ് പുറത്തുവരുന്നത്. പൊട്ടിക്കരഞ്ഞുകൊണ്ട് വൃദ്ധനായ ഈ ദളിത് ഉദ്യോഗസ്ഥന്‍ സവര്‍ണജാതിക്കാരനായ ഒരാളുടെ കാല് പിടിക്കുന്ന ദൃശ്യം സമൂഹമാധ്യമങ്ങളില്‍ വൈറലാണ്. കോയമ്പത്തൂരിലെ അന്നൂര്‍ വില്ലേജ് ഓഫീസില്‍ നിന്നാണ് നടുക്കുന്ന ഈ ദൃശ്യം പുറത്തുവരുന്നത്.

ഗൗണ്ടര്‍ വിഭാഗക്കാരനായ ഗോപിനാഥാണ് വില്ലേജ് അസിസ്റ്റന്റ് മുത്തുസ്വാമിയെക്കൊണ്ട് കാല് പിടിപ്പിച്ചത്. വീടിന്റെ രേഖകള്‍ ശരിയാക്കാനാണ് വില്ലേജ് ഓഫീസില്‍ ഗോപിനാഥ് എത്തിയത്. മതിയായ രേഖകളില്ലാത്തതിനാല്‍ അത് ഹാജരാക്കാന്‍ വില്ലേജ് ഓഫീസര്‍ പറഞ്ഞു. എന്നാല്‍ പ്രകോപിതനായ ഗോപിനാഥ് വില്ലേജ് ഓഫീസറെ അസഭ്യം പറഞ്ഞു. തര്‍ക്കത്തിനിടെ ഇടപെട്ട വില്ലേജ് അസിസ്റ്റന്റ് മുത്തുസ്വാമി ഇത് തടയാന്‍ ശ്രമിച്ചു.

ഇതോടെയാണ് ഗൗണ്ടര്‍ വിഭാഗക്കാരനായ ഗോപിനാഥ് കൂടുതല്‍ പ്രകോപിതനായത്. ജോലി കളയിക്കുമെന്ന് മുത്തുസ്വാമിയെ ഇയാള്‍ ഭീഷണിപ്പെടുത്തി. ഇതേത്തുടര്‍ന്നാണ് മുത്തുസ്വാമിയെക്കൊണ്ട് ഗൗണ്ടര്‍ കാല് പിടിപ്പിച്ചത്.

തമിഴ്‌നാട്ടിലെ പാഠപുസ്തകങ്ങളില്‍ നിന്ന് പ്രമുഖരുടെ ജാതിപ്പേരുകള്‍ ഒഴിവാക്കാനുള്ള നീക്കം ഡിഎംകെ സര്‍ക്കാര്‍ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ഈ ദൃശ്യവും പുറത്തുവരുന്നത് എന്നതാണ് ഏറ്റവും പ്രധാനം.

Top