ഭരണം കിട്ടിയാൽ രാജ്യത്ത് ജാതി സെൻസസ് നടപ്പാക്കും; 50 ശതമാനമെന്ന സംവരണ പരിധി ഒഴിവാക്കും: രാഹുൽഗാന്ധി

 ലോക്‌സഭാ തിരഞ്ഞെടുപ്പിൽ പ്രതിപക്ഷ ഇന്ത്യ മുന്നണി കേന്ദ്രഭരണം നേടിയാൽ രാജ്യത്താകമാനം ജാതി സെൻസസ് നടപ്പാക്കുമെന്നും പരമാവധി സംവരണം 50 ശതമാനമെന്ന പരിധി എടുത്തുകളയുമെന്നും കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. ഭാരത് ജോഡോ ന്യായ് യാത്രയുടെ ഭാഗമായി റാഞ്ചിയിൽ  പൊതുസമ്മേളനത്തെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം. കേന്ദ്രസർക്കാർ പണക്കാർക്ക് വേണ്ടി നിലകൊള്ളുകയാണെന്നും രാഹുൽ വിമർശിച്ചു.

‘‘രാജ്യത്തെ ദലിതുകൾ, ഗോത്രവർഗക്കാർ, മറ്റുപിന്നാക്ക വിഭാഗങ്ങൾ തുടങ്ങിയവരുടെ തൊഴിൽ പങ്കാളിത്തം രാജ്യത്തെ ഉയർന്ന കമ്പനികൾ, ആശുപത്രികൾ, കോളജ്, സ്‍കൂളുകൾ, കോടതികൾ തുടങ്ങിയവയിലൊന്നുമില്ല. ഇത് ഇന്ത്യയ്‌ക്ക് മുന്നിലുള്ള വലിയ ചോദ്യമാണ്. ഇതിനുള്ള പരിഹാരമായി ആദ്യത്തെ നടപടി ജാതി സെൻസസ് നടപ്പാക്കുകയെന്നതാണ്. നിലവിലുള്ള നിയമപ്രകാരം പരാവധി സംവരണമെന്നത് 50 ശതമാനമാണ്. ഈ പരിധി ഞങ്ങൾ അധികാരത്തിലെത്തിയാൽ എടുത്തുകളയും. ഒരു പിന്നാക്ക വിഭാഗങ്ങളുടെയും സംവരണം കുറയ്‌ക്കില്ല.

ദലിതുകൾ, ഗോത്രവർഗക്കാർ, ഒബിസി വിഭാഗങ്ങൾ തുടങ്ങിയവയ്‌ക്ക് അവരുടെ അവകാശങ്ങൾ ഉറപ്പാക്കും. സാമൂഹിക സാമ്പത്തിക അനീതി ഒഴിവാക്കും. ജാതിസെൻസസിനെ പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് എതിർക്കുന്നത്. മോദി പതിവായി താൻ ഒബിസി വിഭാഗക്കാരനെന്നാണ് പറഞ്ഞിരുന്നത്. എന്നാൽ, ജാതിസെൻസസ് എന്ന ആവശ്യം ഉയർന്നപ്പോൾ രാജ്യത്ത് പണക്കാരെന്നും ദരിദ്രരെന്നും മാത്രമാണുള്ളതെന്നാണ് അദ്ദേഹം പറയുന്നത്. വോട്ടിനുവേണ്ടി മാത്രമാണ് പ്രധാനമന്ത്രി ഒബിസി വിഭാഗമാണെന്ന് പറയുന്നത്. രാജ്യത്തെ പൊതുമേഖലാ രംഗത്തെ കേന്ദ്രസർക്കാർ കൊല്ലുകയാണ്. അവ സ്വകാര്യവത്‌കരിച്ച് അദാനിക്ക് കൈമാറുകയാണ്. ഇത് കോൺഗ്രസ് അവസാനിപ്പിക്കും’’– രാഹുൽ പറഞ്ഞു.

Top