ജാതി സെന്‍സസ്; ആവശ്യം ശക്തമാക്കി ബിഹാര്‍ മുഖ്യമന്ത്രി

Nithish-Kumar

ന്യൂഡല്‍ഹി: ജാതി സെന്‍സസ് നടത്തണമെന്ന് ആവശ്യപ്പെട്ട് ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ നേതൃത്വത്തില്‍ സര്‍വകക്ഷി സംഘം ഇന്ന് പ്രധാനമന്ത്രിയെ സന്ദര്‍ശിക്കും. ഉത്തര്‍പ്രദേശ് അടക്കം ഏഴ് സംസ്ഥാനങ്ങളില്‍ അടുത്ത വര്‍ഷം നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ ജാതി സെന്‍സസ് സംബന്ധിച്ച ചര്‍ച്ചകള്‍ ദേശീയ രാഷ്ട്രീയത്തില്‍ വലിയ പ്രതിഫലനമുണ്ടാക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്. ബിഹാറില്‍ മാത്രമല്ല രാജ്യവ്യാപകമായി ജാതി സെന്‍സസ് നടത്തണമെന്നാണ് തങ്ങള്‍ ആവശ്യപ്പെടുന്നതെന്ന് നിതീഷ് കുമാര്‍ അറിയിച്ചു.

1931നു ശേഷം രാജ്യത്ത് ജാതി സെന്‍സസ് നടന്നിട്ടില്ല. ഒബിസി വിഭാഗത്തിന് കൂടുതല്‍ പരിഗണന ലഭിക്കണമെങ്കില്‍ ജാതി സെന്‍സസ് നടത്തിയേ തീരൂ എന്ന നിര്‍ബന്ധത്തിലാണ് ബിഹാറിലെ ബിജെപി ഒഴികെയുള്ള പാര്‍ട്ടികള്‍. ബിഹാറിലെ പ്രതിപക്ഷ നേതാവായ തേജസ്വി യാദവാണ് ഇങ്ങനെയൊരു നീക്കത്തിന് മുന്‍കൈയെടുത്തത്. മുഖ്യമന്ത്രി നിതീഷ് കുമാറിനെ ഈ വിവരം ധരിപ്പിച്ചപ്പോള്‍, ജാതി സെന്‍സസിനായി പ്രധാനമന്ത്രിയെ സന്ദര്‍ശിച്ച് ആവശ്യം ഉന്നയിക്കാം എന്നാണ് അറിയിച്ചത്. ഈ തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് ഇന്ന് സര്‍വകക്ഷി സംഘം പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കാണുന്നത്.

ജാതി അടിസ്ഥാനത്തില്‍ സെന്‍സസ് നടത്തണമെന്ന് ബി.എസ്.പി അധ്യക്ഷ മായാവതിയും ആവശ്യപ്പെട്ടിരുന്നു. ജാതി അടിസ്ഥാനത്തില്‍ സെന്‍സസ് നടത്താന്‍ തയ്യാറായാല്‍ പാര്‍ലമെന്റിന് അകത്തും പുറത്തും കേന്ദ്രസര്‍ക്കാറിനെ പിന്തുണക്കാമെന്നായിരുന്നു മായാവതിയുടെ വാഗ്ദാനം.

Top