ഇന്‍ഷുറന്‍സ് കമ്പനികളുടെ ‘ക്യാഷ് ലെസ്സ് എവരിവെയര്‍’പദ്ധതി; കേരളത്തിലെ സ്വകാര്യ ആശുപത്രികള്‍ സഹകരിക്കില്ല

തിരുവനന്തപുരം: ഇന്‍ഷുറന്‍സ് കമ്പനികളുടെ ‘ക്യാഷ് ലെസ്സ് എവരിവെയര്‍’ എന്ന പദ്ധതിയുമായി കേരളത്തിലെ സ്വകാര്യ ആശുപത്രികള്‍ സഹകരിക്കില്ല. ഇന്‍ഷുറന്‍സ് കമ്പനികളുടെ കൂട്ടായ്മ ഒറ്റയ്‌ക്കെടുത്ത തീരുമാനമായതിനാല്‍ അംഗീകരിക്കേണ്ടതില്ലെന്നാണ് സ്വകാര്യ ആശുപത്രി മാനേജ്‌മെന്റ്അസോസിയേഷന്റെ തീരുമാനം. ചെലവാകുന്ന പണം ആശുപത്രികള്‍ക്ക് കൃത്യമായി തിരികെ കിട്ടുമോ എന്നുള്ള ആശങ്കയും നിലനില്‍ക്കുന്നുണ്ട്.

കേരളത്തിലെ ഒരു ആശുപത്രിയുമായും ജനറല്‍ ഇന്‍ഷുറന്‍സ് കമ്പനികളുടെ കൂട്ടായ്മ ചര്‍ച്ച നടത്തിയിട്ടില്ലെന്നാണ് സ്വകാര്യ ആശുപത്രി മാനേജ്‌മെന്റ് വ്യക്തമാക്കുന്നത്. പദ്ധതി നടപ്പാക്കുമ്പോള്‍ എത്ര തുക എത്ര സമയത്തിനുള്ളില്‍ ആശുപത്രികള്‍ക്ക് കിട്ടും എന്നുള്ള ആശങ്ക നിലനില്‍ക്കുന്നുണ്ട്. സര്‍ക്കാരിന്റെ പല പദ്ധതികളിലും അംഗങ്ങളായ സ്വകാര്യ ആശുപത്രികള്‍ക്ക് ഇപ്പോള്‍തന്നെ കോടിക്കണക്കിന് രൂപ ലഭിക്കാന്‍ ഉണ്ട്. ഇത് ആശുപത്രികളുടെ പ്രവര്‍ത്തനത്തെ സാരമായി ബാധിക്കുന്നുമുണ്ട്. ഇതിനിടയിലാണ് ക്യാഷ് ലെസ്സ് പദ്ധതി കൊണ്ടുവരുന്നത് എന്നതിനാല്‍ ഇന്‍ഷുറന്‍സ് കമ്പനികളുടെ നിലപാട് പൂര്‍ണമായും അംഗീകരിക്കാന്‍ ആകില്ലെന്നാണ് മാനേജ്‌മെന്റ് അസോസിയേഷന്റെ നിലപാട്.

ഒരു പണവും കൊടുക്കാതെ രോഗികള്‍ക്ക് ആശുപത്രിയിലെത്തി ചികിത്സ തേടി മടങ്ങാമെന്നും ഇന്‍ഷുറന്‍സ് കമ്പനികള്‍ ആശുപത്രികള്‍ക്ക് നേരിട്ട് പണം നല്‍കുമെന്നുമായിരുന്നു പുതിയ പദ്ധതി. രോഗികളെ സംബന്ധിച്ച് റീ ഇമ്പേഴ്‌സ്‌മെന്റിനായി കാത്തിരിക്കേണ്ടെന്നും ഈ പദ്ധതിയുടെ ഗുണമാണ്. കഴിഞ്ഞദിവസം പ്രാബല്യത്തില്‍ വന്ന ഈ പദ്ധതിയോട് പക്ഷേ കേരളത്തിലെ സ്വകാര്യ ആശുപത്രികള്‍ സഹകരിക്കില്ല. നിലവില്‍ കരാറില്‍ ഏര്‍പ്പെട്ടിട്ടുള്ള ആശുപത്രികളില്‍ അല്ലാതെ എല്ലാ ആശുപത്രികളിലും ക്യാഷ് ലെസ്സ് ചികിത്സ ലഭിക്കുമെന്ന് ഇന്‍ഷുറന്‍സ് കമ്പനികളുടെ പ്രസ്താവന പൊതുജനങ്ങളെ കബളിപ്പിക്കുന്നതാണെന്നും സ്വകാര്യ ആശുപത്രി മാനേജ്‌മെന്റ്അസോസിയേഷന്‍ വ്യക്തമാക്കി.

Top