cash withdrawel limits removed

മുംബൈ: നോട്ട് അസാധുവാക്കലിനെ തുടര്‍ന്ന് അക്കൗണ്ടുകളില്‍ നിന്ന് പണം പിന്‍വലിക്കുന്നതിന് ഏര്‍പ്പെടുത്തിയിരുന്ന എല്ലാ നിയന്ത്രണങ്ങളും നീക്കി.
ഇന്നുമുതല്‍ അക്കൗണ്ടിലുള്ള പണം പഴയപടി എത്രവേണമെങ്കിലും പിന്‍വലിക്കാം.

നോട്ട് ക്ഷാമം മൂലം പണം പിന്‍വലിക്കലിന് ഏര്‍പ്പെടുത്തിയ നിയന്ത്രണം പല ഘട്ടങ്ങളിലായി ലഘൂകരിച്ചിരുന്നു. നോട്ട് പിന്‍വലിച്ചതിനുശേഷം എ.ടി.എമ്മില്‍ നിന്ന് ദിവസത്തില്‍ പിന്‍വലിക്കാവുന്ന തുക 2500 രൂപയായിരുന്നെങ്കില്‍ പിന്നീടത് 4500 ആയും 10000 ആയും വര്‍ധിപ്പിച്ചിരുന്നു.

ആഴ്ചയില്‍ പരമാവധി പിന്‍വലിക്കാവുന്ന തുക ഫെബ്രുവരി 20 മുതല്‍ 24,000 രൂപയില്‍നിന്ന് 50,000 രൂപയാക്കി ഉയര്‍ത്തിയിരുന്നു. എ.ടി.എമ്മില്‍ നിന്ന് പ്രതിദിനം പിന്‍വലിക്കാവുന്ന തുകക്കുള്ള നിയന്ത്രണവും, കറന്റ്, കാഷ് ക്രെഡിറ്റ്, ഓവര്‍ ഡ്രാഫ്റ്റ് അക്കൗണ്ടുകളില്‍ നിന്ന് പണം പിന്‍വലിക്കുന്നതിനുള്ള എല്ലാ നിയന്ത്രണങ്ങളും നേരത്തെ തന്നെ നീക്കിയിരുന്നു.

നവംബര്‍ എട്ടിന് പ്രധാനമന്ത്രി നരേന്ദ്രമോദി പഴയ 1000,500 നോട്ടുകള്‍ അസാധുവാക്കിയതിന് പിന്നാലെയാണ് പണം പിന്‍വലിക്കുന്നതിന് റിസര്‍വ് ബാങ്ക് നിയന്ത്രണങ്ങള്‍ കൊണ്ടുവന്നത്. നിരോധിച്ച നോട്ടുകള്‍ക്ക് പകരം പുതിയ കറന്‍സി എത്താതിരുന്നതായിരുന്നു നിയന്ത്രണത്തിനു പ്രധാന കാരണം.

സേവിങ്‌സ് അക്കൗണ്ടുകളില്‍ നിന്ന് പണം പിന്‍വലിക്കുന്നതിനുള്ള നിയന്ത്രണവും നീങ്ങിയതോടെ നോട്ട് അസാധുവാക്കലുമായി ബന്ധപ്പെട്ട് ജനങ്ങള്‍ നേരിട്ട പ്രയാസങ്ങള്‍ക്ക് അറുതിയായി.

Top