cash withdrawal from petrol pumps

ന്യൂഡല്‍ഹി: എ.ടി.എമ്മിന് പുറമേ പെട്രോള്‍ പമ്പുകളേയും ഇനി പണം പിന്‍വലിക്കാന്‍ ആശ്രയിക്കാം.

പെട്രോള്‍ പമ്പുകളില്‍ ഡെബിറ്റ് കാര്‍ഡോ ക്രെഡിറ്റ് കാര്‍ഡോ ഉപയോഗിച്ച് 2000 രൂപ വരെ പിന്‍വലിക്കാമെന്ന് കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചു.

ആദ്യ ഘട്ടത്തില്‍ രാജ്യത്തെ തിരഞ്ഞെടുത്ത 2500 പെട്രോള്‍ പമ്പുകളിലാകും ഈ സൗകര്യം ലഭ്യമാകുക

നോട്ട് പിന്‍വലിച്ചതിനെതുടര്‍ന്നുണ്ടായ പ്രതിസന്ധി മറികടക്കുവനാണ് പുതിയനീക്കം. നവംബര്‍ 24 ശേഷം പെട്രോള്‍ പമ്പുകള്‍ വഴി പണം എടുക്കാനുള്ള സൗകര്യങ്ങള്‍ ലഭ്യമാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്‍, ഭാരത് പെട്രോളിയം, ഹിന്ദുസ്ഥാന്‍ പെട്രോളിയം എന്നി എണ്ണക്കമ്പനികളുടെ പ്രതിനിധികള്‍ എസ് ബി ഐ മേധാവി അരുന്ധതി ഭട്ടാചാര്യയുമായി നടത്തിയ ചര്‍ച്ചയിലാണ് ഈ തീരുമാനം.

എസ് ബി ഐയുടെ പോയിന്റ് ഓഫ് സെയില്‍ മെഷീനുള്ള പമ്പുകളിലാണ് പണം പിന്‍വലിക്കുവാന്‍ കഴിയുന്നത്. ഒരു ദിവസം 2000 രൂപ മാത്രമാണ് പെട്രോള്‍ പമ്പിലും കാര്‍ഡ് ഉപയോഗിച്ച് പിന്‍വലിക്കാന്‍ കഴിയുക.

കേന്ദ്ര പെട്രോളിയം മന്ത്രി ധര്‍മേന്ദ്ര പ്രധാനും ഈ തീരുമാനം ട്വിറ്ററിലൂടെ അറിയിച്ചു.

ആദ്യ ഘട്ടത്തില്‍ 2500 പെട്രോള്‍ പമ്പുകളില്‍ തുടങ്ങിയ ശേഷം പിന്നീട് 20,000 പെട്രോള്‍ പമ്പുകളിലേക്ക് ഇത് വ്യാപിപ്പിക്കുവനാണ് നീക്കം.

നവംബര്‍ 24 വരെയാണ് പിന്‍വലിച്ച 500 ന്റെയും 1000ത്തിന്റെയും നോട്ടുകള്‍ പെട്രോള്‍ പമ്പുകളില്‍ സ്വീകരിക്കുന്നത്.

ഇന്ധനം വാങ്ങുന്നതിന് ക്രെഡിറ്റ് കാര്‍ഡോ ഡെബിറ്റ് കാര്‍ഡോ ഉപയോഗിക്കുന്നത് സംബന്ധിച്ച് അളുകളില്‍ അവബോധം ഉണ്ടാക്കുവാനുള്ള ശ്രമത്തിലാണ് പെട്രോളിയം കമ്പനികള്‍.

പെട്രോള്‍ പമ്പുകള്‍ വഴി പണം പിന്‍വലിക്കുവാനുള്ള അവസരം ബാങ്കുകള്‍ക്കും എടിഎമ്മിനും മുന്നിലെ തിരക്ക് കുറയ്ക്കുമെന്നാണ് കരുതുന്നത്.

Top