സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് എല്‍ടിസിയും ഉത്സവ ബത്തയും; കേന്ദ്രധനമന്ത്രി

ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് വ്യാപനത്തെ തുടര്‍ന്നുള്ള സാമ്പത്തിക മാന്ദ്യത്തില്‍ നിന്ന് കരകയറുന്നതിന്റെ സൂചനകള്‍ കണ്ടുതുടങ്ങിയെന്ന് കേന്ദ്ര ധനകാര്യമന്ത്രി നിര്‍മല സീതാരാമന്‍. ഇതിന്റെ ഭാഗമായി കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് എല്‍ടിസി കാഷ് വൗച്ചര്‍ സ്‌കീം അവതരിപ്പിക്കുമെന്ന് മന്ത്രി പറഞ്ഞു. 5,675 കോടിയാണ് ഇതിനായി നീക്കിവെയ്ക്കുന്നത്. പൊതുമേഖലയിലെ ബാങ്കുകളിലും സ്ഥാപനങ്ങളിലും എല്‍ടിസി പദ്ധതി നടപ്പാക്കുന്നതിനായി 1,900 കോടി രൂപയാണ് നീക്കിവെച്ചിട്ടുള്ളത്.

മൂലധന ചെലവുകള്‍ക്കായി 12,000 കോടി രൂപയുടെ പലിശ രഹിത വായ്പ സംസ്ഥാനങ്ങള്‍ക്ക് നല്‍കാനും തീരുമാനിച്ചതായി ധനമന്ത്രി പറഞ്ഞു. 50 വര്‍ഷത്തിനുള്ളിലാണ് ഇത് തിരിച്ചടയ്ക്കേണ്ടത്. ഇതില്‍ 200 കോടി രൂപ വീതം വടക്കുകിഴക്കന്‍ സംസ്ഥാനങ്ങള്‍ക്ക് ലഭിക്കും. ഉത്തരാഖണ്ഡ്, ഹിമാചല്‍ പ്രദേശ് എന്നീ സംസ്ഥാനങ്ങള്‍ക്ക് 450 കോടി രൂപ വീതവുമാണ് അനുവദിക്കുക. ബാക്കിയുള്ള 7,500 കോടി രൂപ മറ്റ് സംസ്ഥാനങ്ങള്‍ക്കും നല്‍കും.

ടിക്കറ്റ് തുകയുടെ മൂന്നിരട്ടി വരെയാകും ലീവ് എന്‍കാഷ്മെന്റായി നല്‍കുക. ഈ തുകയ്ക്ക് പൂര്‍ണമായും നികുതിയിളവ് ലഭിക്കും. സാധനങ്ങള്‍ വാങ്ങുന്നതിനും തുക വിനിയോഗിക്കാം. ഡിജിറ്റല്‍ പണമിടപാടു മാത്രമാണ് ഇതിനായി അനുവദിക്കുകയെന്നും മന്ത്രി പറഞ്ഞു.

നാലു വര്‍ഷം ഒരു ബ്ലോക്കായി കണക്കാക്കി ഒറ്റത്തവണയാണ് ലീവ് ട്രാവല്‍ കണ്‍സഷന്‍(എല്‍ടിസി)അനുവദിക്കുക. പേ സ്‌കെയിലിനനുസരിച്ചാകും വിമാന, ട്രെയിന്‍ യാത്രാ നിരക്കുകള്‍ അനുവദിക്കുക. 10 ദിവസത്തെ ശമ്പളവും ഡി.എയുമാകും നല്‍കുക.

പ്രധാന പ്രഖ്യാപനങ്ങള്‍:

-എല്ലാ കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാര്‍ക്കും 10,000 രൂപയുടെ പലിശ രഹിത അഡ്വാന്‍സ്.
-ഫെസ്റ്റിവെല്‍ അലവന്‍സ് നല്‍കാനായി 4,000 കോടി രൂപ വേണ്ടിവരുമെന്നാണ് പ്രതീക്ഷിക്കുന്നത്. സംസ്ഥാന സര്‍ക്കാരുകളും അലവന്‍സ് വിതരണംചെയ്താല്‍ 8,000 കോടി രൂപകൂടി വിപണിയിലെത്തും. ഉത്സവകാലയളവില്‍ ഈതുക ജീവനക്കാര്‍ വിനിയോഗിക്കണം.

-റുപെ കാര്‍ഡായിട്ടായിരിക്കും തുക നല്‍കുക. 2021 മാര്‍ച്ച് 31നം തുക ചെലവഴിക്കുകയും വേണം. റുപെ കാര്‍ഡിനുള്ള ബാങ്ക് നിരക്ക് സര്‍ക്കാര്‍ വഹിക്കും.
-ജീവനക്കാര്‍ക്കുള്ള എല്‍ടിസി സ്‌കീംവഴി 28,000 കോടികൂടി വിപണിയിലെത്തും.

Top