ക്യാഷ്ബാക്ക് ഓഫറുമായി ആപ്പിള്‍ ക്രെഡിറ്റ് കാര്‍ഡ്

ലോകത്ത് ആദ്യമായി ഉപയോക്താക്കളുടെ മെച്ചം മുന്നില്‍ കണ്ടുകൊണ്ട് പുറത്തിറക്കിയ ക്രെഡിറ്റ് കാര്‍ഡാണ് ആപ്പിള്‍ ക്രെഡിറ്റ് കാര്‍ഡ് .ഉപയോക്താക്കള്‍ക്ക് കൂടുതല്‍ സുരക്ഷയും സ്വകാര്യതയും ഒരുക്കിയാണ് ആപ്പിള്‍ തങ്ങളുടെ ക്രെഡിറ്റ് കാര്‍ഡ് പുറത്തിറക്കുന്നത്. ഗോള്‍ഡ്മാന്‍ സാച്സ്, മാസ്റ്റര്‍കാര്‍ഡ് എന്നിവയുമായി ചേര്‍ന്നാണ് പുതിയ ക്രെഡിറ്റ് കാര്‍ഡ് ആപ്പിള്‍ അവതരിപ്പിക്കുന്നത്.ഇത് തുടക്കത്തില്‍ അമേരിക്കയില്‍ മാത്രമേ ലഭ്യമാകൂ.

നിലവിലെ ക്രെഡിറ്റ് കാര്‍ഡുകളില്‍ മിനിമം ബാലന്‍സ് ഇല്ലെങ്കില്‍ ബാങ്കുകള്‍ ഉപയോക്താക്കളുടെ കൈയില്‍ നിന്നും പിഴ ഈടാക്കുന്നു. എന്നാല്‍ ആപ്പിള്‍ ക്രെഡിറ്റ് കാര്‍ഡില്‍ ഇത്തരത്തില്‍ മിനിമം ബാലന്‍സ് എന്നൊന്നില്ല. എന്നു മാത്രമല്ല, പിഴയും ഈടാക്കില്ല.

കൂടാതെ ക്യാഷ് ബാക്ക് ഓഫറുകളും ഈ കാര്‍ഡ് നല്‍കുന്നുണ്ട്.സാധാരണ ബാങ്കുകളുടെ കാര്‍ഡു ഉപയോഗിച്ചാല്‍ അധിക പൈസ ഈടാക്കുകയാണ് പതിവ്.എന്നാല്‍ ആപ്പിളിന്റെ കാര്‍ഡ് ഉപയോഗിച്ച് സാധനങ്ങള്‍ വാങ്ങിയാല്‍ രണ്ടു ശതമാനം ക്യാഷ് ബാക്ക് ലഭിക്കും. ആപ്പിളിന്റെ സാധനങ്ങള്‍ തന്നെയാണ് വാങ്ങുന്നതെങ്കില്‍ 3 ശതമാനം കിഴിവും ലഭിക്കും. ഈ ഓഫര്‍ എല്ലാ ദിവസവും ലഭ്യമാണ്. ഇതിനെയാണ് ആപ്പിള്‍ ഡെയ്ലി ക്യാഷ് എന്നു വിളിക്കുന്നത്.

ആപ്പിള്‍ കാര്‍ഡ് സൈന്‍-അപ് ചെയ്യാന്‍ വളരെ എളുപ്പമാണ്. വോലറ്റ് ആപ്പിലെത്തി ഇതു നിര്‍വഹിക്കാം. ചിലവഴിക്കുന്ന തുകയുടെ നിശ്ചിത ശതമാനം ഡെയ്ലി ക്യാഷ് ആയി തിരിച്ചു കിട്ടും. ഓരോ തവണ കാര്‍ഡ് ഉപയോഗിക്കുമ്പോഴും ഇതു കിട്ടും. ആപ്പിളിന്റെ ആപ് സ്റ്റോറിലോ, മറ്റേതെങ്കിലും ആപ്പിള്‍ സേവനങ്ങള്‍ക്കായോ (ഉദാഹരണത്തിന് ഇപ്പോള്‍ അവതരിപ്പിച്ചിരിക്കുന്ന സ്ട്രീമിങ് സര്‍വീസസ്) ഉപയോഗിച്ചാല്‍ മൂന്നു ശതമാനം കിഴിവും ലഭിക്കും.

ആപ്പിള്‍ പേ ഇല്ലാത്തിടത്ത് ഉപയോഗിക്കാനായി ടൈറ്റാനിയം ഉപയോഗിച്ചു നിര്‍മിച്ച ആപ്പിള്‍ കാര്‍ഡാണുള്ളത്. സാധാരണ ബാങ്കുകളുടെ കാര്‍ഡിലേത് പോലെ ഈ കാര്‍ഡിന് കാര്‍ഡ് നമ്പറില്ല. സിവിവി കോഡും കാലാവധി അവസാനിക്കല്‍ തീയതിയും ഇല്ല.

കൂടാതെ ഇതില്‍ ആപ്പിള്‍ മാപ്സ് എന്ന ഫീച്ചറുമുണ്ട്. പൈസ ഉപയോഗിച്ചതിന്റെ എല്ലാവിധ കണക്കുകളും ഈ ആപ്പിള്‍ മാപ്പ് സൂക്ഷിച്ചു വെയ്ക്കും.

Top