വ്യക്തിപരമായ അഭിപ്രായപ്രകടനം നടത്തുന്നവർക്കെതിരെ കേസെടുക്കില്ല

തിരുവനന്തപുരം: വ്യക്തിപരമായി സോഷ്യല്‍ മീഡിയകളില്‍ അഭിപ്രായപ്രകടനം നടത്തുന്നവര്‍ക്കെതിരെ കേസെടുക്കില്ല.

അതേ സമയം നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ അപകീര്‍ത്തിപരമായി പോസ്റ്റ് ഇടുകയും വാര്‍ത്ത നല്‍കുകയും ചെയ്യുന്നവര്‍ക്കെതിരെ പരാതി ലഭിച്ചാല്‍ നടപടി സ്വീകരിക്കുമെന്നും ഉന്നത പൊലീസ് കേന്ദ്രങ്ങള്‍ അറിയിച്ചു.

നടന്‍ ദിലീപിന് അനുകൂലമായി സോഷ്യല്‍ മീഡിയയില്‍ വരുന്ന പോസ്റ്റുകള്‍ക്കെതിരെ പൊലീസ് നടപടി സ്വീകരിക്കുമെന്ന തരത്തില്‍ പുറത്ത് വരുന്ന വാര്‍ത്തകളുടെ പശ്ചാത്തലത്തിലാണ് വിശദീകരണം.

സോഷ്യല്‍ മീഡിയയില്‍ വ്യക്തിപരമായി അഭിപ്രായ പ്രകടനം നടത്തുന്നതിനും വാര്‍ത്തകള്‍ ഷെയര്‍ ചെയ്യുന്നതിനും കമന്റിടുന്നതിനുമെതിരെ നടപടി സ്വീകരിക്കാന്‍ തുടങ്ങിയാല്‍ പിന്നെ അതിനു മാത്രമേ നേരമുണ്ടാകു എന്നതാണ് പൊലീസിന്റെ നിലപാട്.

ദിലീപിനു വേണ്ടി ക്വട്ടേഷന്‍ എടുത്ത് കൊച്ചിയിലെ പ്രമുഖ പി.ആര്‍ കമ്പനി പ്രവര്‍ത്തിച്ചു എന്ന ആരോപണത്തില്‍ സ്‌പെഷ്യല്‍ ബ്രാഞ്ച് അന്വേഷണം നടത്തിയിരുന്നു.

സൈബര്‍ കേസ് ചുമത്തുന്ന തരത്തില്‍ പോസ്റ്റുകളിലും വാര്‍ത്തകളിലും കഴമ്പുണ്ടെങ്കില്‍ മാത്രം നടപടിയിലേക്ക് കടന്നാല്‍ മതിയെന്നാണ് ഉദ്യോഗസ്ഥ തലത്തിലെ ധാരണ.

എടുത്ത് ചാടി നടപടി സ്വീകരിച്ചാല്‍ ആരെങ്കിലും ഹൈക്കോടതിയെ സമീപിച്ചാല്‍ ‘പണി’ പാളുമെന്ന ഭയമാണ് ഇതിനു കാരണം.

എന്നാല്‍ സോഷ്യല്‍ മീഡിയകളില്‍ തങ്ങള്‍ നടത്തുന്ന അഭിപ്രായപ്രകടനത്തെ പണം വാങ്ങി നടത്തുന്ന അഭിപ്രായപ്രകടനമാക്കി വാര്‍ത്ത പ്രചരിക്കുന്നതിനെതിരെ സ്ത്രീകള്‍ അടക്കമുള്ള നിരവധി പേര്‍ വീഡിയോ ലൈവിലൂടെ രംഗത്ത് വന്ന് പരിഹസിക്കുന്നതും ഇപ്പോള്‍ വൈറലായിട്ടുണ്ട്.

Top