ശബരിമല യുവതി പ്രവേശനം; സമരക്കാര്‍ക്കെതിരായ കേസുകള്‍ ഉടന്‍ പിന്‍വലിക്കണമെന്ന് പ്രതിപക്ഷം

VD Satheesan

തിരുവനന്തപുരം: ശബരിമല യുവതി പ്രവേശനത്തിനും പൗരത്വ നിയമ ഭേദഗതി (സിഎഎ)ക്കും എതിരെ സമരം ചെയ്തവര്‍ക്കെതിരായ കേസുകള്‍ ഉടന്‍ പിന്‍വലിക്കണമെന്ന് പ്രതിപക്ഷം. നിയമസഭയില്‍ സബ്മിഷനിലൂടെ പ്രതിപക്ഷ നേതാവ് വി.ഡി സതീശനാണ് ഇക്കാര്യം ആവശ്യപ്പെട്ടത്.

സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ വാഗ്ദാനം പാലിച്ചില്ലെന്നും ശബരിമല പ്രക്ഷോഭത്തിന്റെ പേരില്‍ ചുമത്തിയ ഒരു കേസ് പോലും പിന്‍വലിച്ചില്ലെന്നും സതീശന്‍ ആരോപിച്ചു. സംസ്ഥാന സര്‍ക്കാര്‍ ഇത്തരമൊരു ഉത്തരവ് ഇറക്കിയിട്ടുണ്ടെന്ന് സതീശന് നല്‍കിയ മറുപടിയില്‍ മുഖ്യമന്ത്രി വ്യക്തമാക്കി. കേസുകളുടെ സ്ഥിതി, സ്വഭാവം എന്നിവ പരിശോധിച്ച് നടപടിയെടുക്കാന്‍ സംസ്ഥാന പോലീസ് മേധാവി, ജില്ലാ പോലീസ് മേധാവിമാര്‍ എന്നിവരോട് നിര്‍ദ്ദേശിച്ചിട്ടുണ്ട്. പരിശോധന കഴിഞ്ഞ് കോടതിയുടെ അനുവാദത്തോടെ മാത്രമേ കേസുകള്‍ പിന്‍വലിക്കാന്‍ കഴിയൂവെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

സി.എ.എ വിരുദ്ധ പ്രക്ഷോഭത്തില്‍ ആകെ രജിസ്റ്റര്‍ ചെയ്തതില്‍ 13 കേസുകള്‍ മാത്രമാണ് പിന്‍വലിച്ചിട്ടുള്ളതെന്നും, 2636 കേസുകള്‍ രജിസ്റ്റര്‍ ചെയ്ത ശബരിമല യുവതി പ്രവേശന വിരുദ്ധ സമരത്തില്‍ ഒരു കേസ് പോലും പിന്‍വലിച്ചിട്ടില്ലെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. ക്രിമിനല്‍ സ്വഭാവമില്ലാത്ത കേസുകള്‍ പിന്‍വലിക്കണമെന്നാണ് പ്രതിപക്ഷത്തിന്റെ ആവശ്യം.

Top