കേസുകൾ റദ്ദാക്കണം; ഓൾട്ട് ന്യൂസ് ഉടമ മുഹമ്മദ് സുബൈർ സുപ്രീംകോടതിയിൽ

ദില്ലി : യുപി പൊലീസ് തനിക്കെതിരെ രജിസ്റ്റ‍ര്‍ ചെയ്ത കേസുകൾ റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഓൾട്ട് ന്യൂസ് സഹ സ്ഥാപകൻ മുഹമ്മദ് സുബൈർ സുപ്രീംകോടതിയിൽ. അന്വേഷണത്തിന് പ്രത്യേക സംഘത്തെ നിയോഗിച്ചതിനെയും ഹർജിയിൽ ചോദ്യം ചെയ്യുന്നുണ്ട്. യുപി പൊലീസ് രജിസ്റ്റ‍ര്‍ ചെയ്ത ആറ് കേസുകളാണ് സുപ്രീം കോടതിയിൽ സമര്‍പ്പിച്ച പ്രത്യേക ഹ‍ര്‍ജിയിൽ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടിരിക്കുന്നത്.

അഞ്ചു ജില്ലകളിലായാണ് 6 കേസുകൾ സുബൈറിനെതിരെ യുപിയിൽ റജിസ്റ്റർ ചെയ്തത്. ഹാഥ്റാസ്, ലംഖിപൂർ ഖേരി, സീതാപൂർ, ഗാസിയാബാദ്, മുസഫർനഗർ എന്നിവിടങ്ങളിലാണ് സുബൈറിനെതിരെ കേസുള്ളത്. ഈ കേസുകളുടെ അന്വേഷണത്തിനാണ് ഐജി ഡോ പ്രീതിന്ദ്രർ സിങ്ങിന്റെ നേതൃത്വത്തിൽ പ്രത്യേക സംഘത്തെ നിയോഗിച്ചത്. രണ്ട് അംഗ സംഘമാണ് അന്വേഷണം നടത്തുന്നത്.

കഴിഞ്ഞ ദിവസം സീതാപൂർ പോലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസുമായി ബന്ധപ്പെട്ട് സുബൈറിന് അനുവദിച്ച ഇടക്കാല ജാമ്യ കാലാവധി സുപ്രീം കോടതി നീട്ടിയിരുന്നു. കേസിലെ തൽസ്ഥിതി റിപ്പോർട്ട് സമർപ്പിക്കാൻ കൂടുതൽ സമയം വേണമെന്ന ഉത്തർപ്രദേശ് സർക്കാരിന്റെ ആവശ്യം പരിഗണിച്ചാണ് സുപ്രീം കോടതി കാലാവധി നീട്ടിയത്. കേസ് റദ്ദാക്കണമെന്ന സുബൈറിന്റെ ആവശ്യം സെപ്റ്റംബറിൽ പരിഗണിക്കാൻ സുപ്രീം കോടതി മാറ്റിവച്ചിരിക്കുകയാണ്.

Top