‘ചില അഭിഭാഷകരുടെ കേസുകൾ വേഗം പരിഗണിക്കുന്നു’; ജുഡീഷ്യറിക്കെതിരെ കേന്ദ്ര നിയമമന്ത്രി

ഡൽഹി: ജുഡീഷ്യറിയെ വിമർശിച്ച് കേന്ദ്ര നിയമമന്ത്രി കിരൺ റിജിജു വീണ്ടും രംഗത്ത്. കോടതികളിൽ കേസ് കുന്നുകൂടുകയാണ്. നീതി നടപ്പാക്കുന്നതിന് ഉത്തരവാദികളായ ആളുകൾ അവരുടെ ജോലി ചെയ്യുന്നതിൽ പരാജയപ്പെടുന്നുവെന്നും കേന്ദ്രനിയമമന്ത്രി കുറ്റപ്പെടുത്തി. ഹരിയാനയിൽ അഖില ഭാരതീയ അധിവക്ത പരിഷദ് ദേശീയ കോൺഫറൻസിൽ സംസാരിക്കുകയായിരുന്നു കേന്ദ്രമന്ത്രി.

ഏതാനും അഭിഭാഷകരുടെയും ജഡ്ജിമാരുടെയും അനാസ്ഥമൂലമാണ് രാജ്യത്ത് നീതി വൈകുന്നത്. ചില അഭിഭാഷകർ നീതിന്യായ വ്യവസ്ഥയിൽ കടന്നുകയറുന്നു. നീതി ലഭ്യമാക്കുന്നതിനുള്ള നടപടികൾ ബോധപൂർവം വൈകിപ്പിക്കുകയാണെന്നും കിരൺ റിജിജു പറഞ്ഞു.

കേസുകൾ 10-15 വർഷമായി കെട്ടിക്കിടക്കുകയാണെന്ന് പറഞ്ഞ് നിരവധി ആളുകളാണ് തന്നെ സമീപിക്കുന്നത്. നീതി ലഭ്യമാക്കുന്നതിനുള്ള നടപടികൾ വേഗത്തിലാക്കണമെന്നും ആളുകൾ ആവശ്യപ്പെടാറുണ്ടെന്നും അദ്ദേഹം പറഞ്ഞു.

സുപ്രീംകോടതിയിൽ ചില അഭിഭാഷകരുടെ കേസുകൾ വേഗം പരിഗണിക്കുന്നു. വലിയ കേസുകൾ ചിലർക്ക് മാത്രമാണ് ലഭിക്കുന്നത്. ചില വലിയ അഭിഭാഷകർ സുപ്രീം കോടതിയിൽ ഹർജികൾ ഫയൽ ചെയ്തതിന് ശേഷം കേസ് വിജയിക്കുമെന്ന് കക്ഷികൾക്ക് ഉറപ്പുനൽകുന്നു.

ചില അഭിഭാഷകർ ഒരു തവണ ഹാജരാകാൻ 30-40 ലക്ഷം രൂപ ഈടാക്കുന്നു, ചിലർക്ക് ജോലിയില്ല. എന്തുകൊണ്ടാണ് ഇങ്ങനെ? നിയമത്തിലെ വ്യവസ്ഥകൾ എല്ലാവർക്കും ഒരുപോലെയാണ്. കോവിഡ് കാലത്ത് ഒരേസമയം ഒന്നിലധികം വെർച്വൽ ഹിയറിംഗുകളിൽ ഹാജരായി കോടികൾ സമ്പാദിച്ച അഭിഭാഷകർ ഉണ്ടെന്ന് കിരൺ റിജിജു പറഞ്ഞു.

ചില അഭിഭാഷകർക്ക് നിരവധി കേസുകൾ ലഭിച്ചു. ഒന്നിലധികം സ്‌ക്രീനുകൾ സ്ഥാപിക്കുകയും വ്യത്യസ്ത കേസുകളിൽ ഒരേസമയം ഹാജരാകുകയും ചെയ്തു. അവർ മികച്ചവരാണെന്ന് കരുതി ആളുകൾ അവരുടെ അടുത്തേക്ക് പോയതെങ്കിൽ കുഴപ്പമില്ല. എന്നാൽ അവർക്ക് കണക്ഷനുകൾ ഉള്ളതിനാൽ കേസുകൾ വേഗത്തിൽ പരിഹരിക്കാൻ കഴിയും എന്നതാണ് ആളുകൾ പോകാൻ കാരണം. ഇത് അങ്ങേയറ്റം ദയനീയമായ അവസ്ഥയാണ്. കിരൺ റിജിജു പറഞ്ഞു.

Top