ഉറവിടം അറിയാത്ത കേസുകള്‍; തിരുവനന്തപുരത്ത് ആശങ്ക, പാളയം മാര്‍ക്കറ്റ് അടച്ചു

തിരുവനന്തപുരം ഉറവിടം അറിയാതെ കോവിഡ് ബാധിക്കുന്നവരുടെ എണ്ണം വീണ്ടും ഉയര്‍ന്നതോടെ തിരുവനന്തപുരത്ത് കടുത്ത ആശങ്ക. രോഗം റിപ്പോര്‍ട്ട് ചെയ്ത സ്ഥലങ്ങള്‍ ഇന്നു കോര്‍പറേഷന്റെ നേതൃത്വത്തില്‍ അണുവിമുക്തമാക്കും. വഞ്ചിയൂരും കുന്നുംപുറവും കണ്ടെയ്ന്‍മെന്റ് സോണുകളാക്കും.

പാളയം മാര്‍ക്കറ്റും തൊട്ടടുത്തുള്ള സാഫല്യം കോംപ്ലക്‌സും അടച്ചു. ബസ് സ്റ്റോപ്പുകളിലും സര്‍ക്കാര്‍, സ്വകാര്യ ഓഫിസുകളിലും ആള്‍ക്കൂട്ടം ഒഴിവാക്കാന്‍ പൊലീസ് പരിശോധന കര്‍ശനമാക്കി.

നെയ്യാറ്റിന്‍കര മുനിസിപ്പാലിറ്റിയിലെ വാര്‍ഡ് 17 വഴുതൂര്‍, ബാലരാമപുരം പഞ്ചായത്തിലെ അഞ്ചാം വാര്‍ഡ് – തളയല്‍, തിരുവനന്തപുരം കോര്‍പറേഷനിലെ വാര്‍ഡ് 66 പൂന്തുറ, വാര്‍ഡ് 82 വഞ്ചിയൂര്‍ മേഖലയിലെ അത്താണി ലെയ്ന്‍, പാളയം മാര്‍ക്കറ്റ് ഏരിയ, സാഫല്യം ഷോപ്പിങ് കോംപ്ലക്‌സ്, റസിഡന്‍ഷ്യല്‍ ഏരിയ പാരിസ് ലൈന്‍ 27, പാളയം വാര്‍ഡ് എന്നിവ കണ്ടെയ്ന്‍മെന്റ് സോണുകളാക്കി. ഇവിടങ്ങളില്‍ കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയതായും അത്യാവശ്യ ഘട്ടങ്ങളിലല്ലാതെ ജനം പുറത്തിറങ്ങരുതെന്നും ജില്ലാ കലക്ടര്‍ അറിയിച്ചു.

Top