നിയമവാഴ്ചയോടുള്ള വെല്ലുവിളി, കൊലപതക രാഷ്ടീയത്തിന്റെ വക്താക്കളാണ് സിപിഐഎം: ആഞ്ഞടിച്ച് രമേശ് ചെന്നിത്തല

ഇടുക്കി: കെപിസിസി പ്രസിഡന്റ് കെ സുധാകരനെ ഭീഷണിപ്പെടുത്തിയ സിപിഐഎം ഇടുക്കി ജില്ലാ സെക്രട്ടറിക്കെതിരെ രമേശ് ചെന്നിത്തല. കെ സുധാകരനെതിരെ വിലകുറഞ്ഞ പ്രസ്താവനയാണ് സിവി വർഗീസ് നടത്തിയത്. പ്രസ്താവന നിയമവാഴ്ചയോടുള്ള വെല്ലുവിളിയാണെന്നും വർഗീസിനെതിരെ കേസെടുക്കണമെന്നും ചെന്നിത്തല പറഞ്ഞു.

‘കെ സുധാകരൻ കെപിസിസി അധ്യക്ഷനാണെന്ന കാര്യം മറക്കരുത്. പ്രകോപനപരവും തരം താഴ്ന്നതുമായ പ്രസ്താവന നടത്തുന്നവരെ സെക്രട്ടറിയാക്കുന്ന നിലയിലേക്ക് സിപിഐഎം അധംപതിച്ചു. കൊലപതക രാഷ്ടീയത്തിൻ്റെ വക്താക്കളാണ് സിപിഐഎം എന്ന് തെളിയിക്കുന്നതാണ് ജില്ലാ സെക്രട്ടറിയുടെ പ്രസംഗമെന്നും’ ചെന്നിത്തല വ്യക്തമാക്കി.

കെപിസിസി പ്രസിഡന്റ് കെ സുധാകരനെതിരെ സിപിഐഎം ഇടുക്കി ജില്ലാ സെക്രട്ടറി നടത്തിയ പരാമർശത്തിനെതിരെ രൂക്ഷ വിമർശനവുമായി രാജ്‌മോഹൻ ഉണ്ണിത്താൻ. സിപിഐഎമ്മിന്റെ ഒരുതരത്തിലുമുള്ള ഔദാര്യം കെ പിസിസി പ്രസിഡന്റിന് ആവശ്യമില്ലെന്നും അവർ എന്താ ചെയ്യുന്നതെന്ന് കാണട്ടേയെന്നും രാജ്‌മോഹൻ ഉണ്ണിത്താൻ വ്യക്തമാക്കിയിരുന്നു.

കെ സുധാകരന്റെ ജീവനെടുക്കുമെന്ന് ഭീഷണിപ്പെടുത്താൻ ഇടുക്കി ജില്ലാ സെക്രട്ടറി യമധർമ്മ രാജാവാണോ എന്ന് രാജ്‌മോഹൻ ഉണ്ണിത്താൻ ചോദിച്ചു. കാലന്റെ പണി ഇദ്ദേഹത്തെ ആരാണ് ഏൽപ്പിച്ചതെന്ന് ചോദിച്ച രാജ്‌മോഹൻ ഉണ്ണിത്താൻ കൊലപാതകം കുലത്തൊഴിലായി സ്വീകരിച്ച പാർട്ടിയാണ് സിപിഐഎം എന്നും പ്രതികരിച്ചു.

’ഒരാളെ തല്ലിക്കൊന്നെന്നും മറ്റൊരാളെ കുത്തിക്കൊന്നെന്നും ഒരുത്തനെ വെടിവെച്ച് കൊന്നെന്നും പറഞ്ഞ എം എം മണിയുടെ ശിഷ്യനാണല്ലോ അദ്ദേഹം. മനുഷ്യരെ കൊല്ലുന്ന പാർട്ടിയാണ് സിപിഐഎം എന്ന് പച്ചയ്ക്ക് ഇടുക്കി ജില്ലാ സെക്രട്ടറി സമ്മതിച്ചിരിക്കുകയാണ്. ഇതിൽ കൂടുതൽ എന്ത് തെളിവാണ് വേണ്ടത്? കോടതികൾക്ക് ആരാച്ചാരെ കിട്ടുന്നില്ല എന്ന പരാതിയുണ്ട്. ഇടുക്കി ജില്ലാ സെക്രട്ടറി ഈ തസ്തികയ്ക്ക് യോജിച്ച ആളാണ്. കണ്ണൂരിലെ സിപിഐഎമ്മിനെ നന്നായറിയുന്ന കരുത്തനായ ഒരു കെപിസിസി പ്രസിഡന്റ് വന്നതുകൊണ്ടാണ് സിപിഐഎം ഭീഷണിപ്പെടുത്തുന്നത്’.രാജ്‌മോഹൻ ഉണ്ണിത്താൻ പറഞ്ഞിരുന്നു.

കെപിസിസി പ്രസിഡന്റ് കെ സുധാകരനെതിരെ ഭീഷണിയുമായി സിപിഐഎം ഇടുക്കി ജില്ലാ സെക്രട്ടറി രം​ഗത്തുവന്നിരുന്നു. സിപിഐഎം കൊടുക്കുന്ന ഭിക്ഷയാണ് കെ സുധാകരന്റെ ജീവിതമെന്ന് പ്രസം​ഗത്തിലൂടൊണ് സി വി വർഗീസ് വ്യക്തമാക്കിയത്. കൂടാതെ, നികൃഷ്ട ജീവിയെ കൊല്ലാൻ താത്‌പര്യമില്ലെന്നും സി വി വർഗീസ് വ്യക്തമാക്കിയിരുന്നു.

സിപിഐഎമ്മിന്റെ കരുത്തിനെ കുറിച്ച് സുധാകരന് ധാരണയുണ്ടാകണമെന്നും സിപിഐഎം നേതാവ് ഓർമ്മിപ്പിക്കുന്നു. കോൺഗ്രസിന്റെ കൊലപാതക രാഷ്ട്രീയത്തിനെതിരെ സിപിഐഎം ചെറുതോണിയിൽ നടത്തിയ പ്രതിഷേധത്തിലായിരുന്നു വിവാദ പരാമർശം.

ഇടുക്കിയിൽ എഞ്ചിനിയറിംഗ് കോളേജിലെ എസ് എഫ് ഐ വിദ്യാർത്ഥി ധീരജ് കുത്തിക്കൊലപ്പെടുത്തിയ കേസിലെ പ്രതി നിഖിൽ പൈലിയെ ന്യായീകരിച്ച് സുധാകരൻ പല തവണ രംഗത്തെത്തിയിരുന്നു. നിഖിൽ പൈലി കുത്തുന്നത് ഒരാളും കണ്ടിട്ടില്ല. ജയിലിൽ കിടക്കുന്നത് നിരപരാധികളാണ്. സാക്ഷിയില്ലാത്ത കേസ് നിലനിൽക്കുമോ തുടങ്ങിയ പരാമർശങ്ങളാണ് സുധാകരൻ നടത്തിയത്.

ഇതിന് പിന്നാലെയാണ് കോൺഗ്രസിന്റെ കൊലപാതക രാഷ്ട്രീയത്തിനെതിരെ സിപിഐഎം ഇടുക്കി ചെറുതോണിയിൽ പ്രതിഷേധ സംഗമം നടത്തിയത്. അതേ യോഗത്തിൽ വെച്ച് സുധാകരനെതിരെ ഭീഷണിപ്പെടുത്തുന്ന പരാമർശം നടത്തുകയും ചെയ്തിരുന്നു.

 

Top