ദുരിതാശ്വസ ക്യാമ്പിലെ പിരിവ് : സിപിഎം നേതാവിനെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ്

ചേര്‍ത്തല: ചേര്‍ത്തലയില്‍ ദുരിതാശ്വാസ ക്യാമ്പില്‍ നിന്നും പണം പിരിച്ച മുന്‍ സിപിഎം ലോക്കല്‍ കമ്മിറ്റി അംഗം ഓമനക്കുട്ടനെതിരെ കേസെടുത്തു. ചേര്‍ത്തല തഹസില്‍ദാരുടെ പരാതിയില്‍ ജാമ്യമില്ലാ വകുപ്പ് ചുമത്തി അര്‍ത്തുങ്കല്‍ പൊലീസാണ് കേസെടുത്തത്. വഞ്ചനാകുറ്റമാണ് ഓമനക്കുട്ടനെതിരെ ചുമത്തിയിരിക്കുന്നത്.

വിഷയത്തില്‍ ഓമനക്കുട്ടനെ സിപിഎം സസ്‌പെന്റ് ചെയ്തിരുന്നു. ചേര്‍ത്തല കുറുപ്പന്‍കുളങ്ങര ലോക്കല്‍ കമ്മിറ്റി അംഗമാണ് ഇയാള്‍.

വീട്ടില്‍ വെള്ളം കയറിയതിനെ തുടര്‍ന്ന് ദുരിതാശ്വാസ ക്യാംപില്‍ അഭയം തേടിയ ആളുകളില്‍ നിന്നാണ് ഇയാള്‍ പണപ്പിരിവ് നടത്തിയത്.

സിവില്‍ സപ്ലൈസ് ഡിപ്പോയില്‍ നിന്ന് ക്യാമ്പിലേക്ക് ഭക്ഷ്യസാധനങ്ങള്‍ കൊണ്ടു വരാനുള്ള വണ്ടിക്ക് വാടക നല്‍കുവാനായിരുന്നു പിരിവ് നടത്തിയത്. ക്യാംപ് പ്രവര്‍ത്തിക്കുന്ന കമ്മ്യൂണിറ്റി ഹാളിലേക്ക് സ്വകാര്യ വ്യക്തിയുടെ വീട്ടില്‍ നിന്നാണ് വൈദ്യുതി എടുത്തിരിക്കുന്നത് ഇതിനും ക്യാമ്പില്‍ ഉള്ളവര്‍ പിരിവ് നല്‍കണമെന്നാണ് ഇയാള്‍ ക്യാംപിലുള്ളവരോട് പറഞ്ഞത്.

Top