മീടൂ ആരോപണം: നടന്‍ വിനായകനെതിരെ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു

കല്പറ്റ: യുവതിയോട് അപമര്യാദയായി പെരുമാറിയെന്ന മീടൂ ആരോപണത്തില്‍ നടന്‍ വിനായകനെതിരേ കല്പറ്റ പോലീസ് കേസെടുത്തു. വിനായകനെ ഫോണില്‍വിളിച്ചപ്പോള്‍ അപമര്യാദയായി പെരുമാറിയെന്ന ദളിത് ആക്ടിവിസ്റ്റും മുന്‍ മോഡലുമായ യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തത്.

വിനായകനെതിരെ പാമ്പാടി പോലീസ് സ്റ്റേഷനിലാണ് യുവതി പരാതി നല്കിയിരുന്നത്. സംഭവം നടന്നത് കല്പറ്റയിലായതിനാല്‍ പരാതി കല്പറ്റ പോലീസിന് കൈമാറുകയായിരുന്നു. കഴിഞ്ഞ ഏപ്രില്‍ 18-നായിരുന്നു കേസിനാസ്പദമായ സംഭവം. ഒരു പരിപാടിക്കായി വയനാട്ടിലെത്തിയതായിരുന്നു യുവതി. വയനാട്ടില്‍ നിന്ന് ഫോണില്‍ വിളിച്ചപ്പോള്‍ വിനായകന്‍ അപമര്യാദയായി പെരുമാറിയെന്നതാണ് പരാതി.

ഫെയ്‌സ്ബുക്കിലൂടെയാണ് ആദ്യം യുവതി മീടൂ ആരോപണം ഉന്നയിച്ചത്. വിനായകന്‍ ജാതീയ അധിക്ഷേപങ്ങള്‍ക്ക് ഇരയാകേണ്ടി വന്നതിനെ അപലപിക്കുന്നുവെന്നും എന്നാല്‍ സ്ത്രീ ശരീരം ഉപഭോഗവസ്തുവായി കണക്കാക്കിയ വിനായകനൊപ്പമല്ല താനെന്നുമാണ് യുവതി ഫെയ്‌സ്ബുക്കില്‍ കുറിച്ചത്. വിനായകന്‍ തന്നോട് മോശമായി സംസാരിക്കുന്ന ഫോണ്‍ സംഭാഷണത്തിന്റെ റെക്കോര്‍ഡ് തന്റെ കൈവശമുണ്ടെന്നും അവര്‍ അവകാശപ്പെട്ടിരുന്നു.

Top