കര്‍ദ്ദിനാളിനെതിരെ വ്യാജരേഖ കേസ്; പ്രതിപ്പട്ടികയിലുള്ളവരുടെ ഹര്‍ജി ഇന്ന് ഹൈക്കോടതിയില്‍

kerala-high-court

കൊച്ചി: കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ്ജ് ആലഞ്ചേരിക്കെതിരെ വ്യാജ രേഖ ചമച്ച കേസില്‍ പ്രതിപട്ടികയില്‍ നിന്ന് ഒഴിവാക്കണമെന്നാവശ്യപ്പെട്ട് എറണാകുളം- അങ്കമാലി അതിരൂപത അപ്പോസ്തലിക് അഡ്മിനിസ്ട്രേറ്റര്‍ ബിഷപ്പ് ജേക്കബ് മനത്തോടത്ത്, ഫാദര്‍ പോള്‍ തേലക്കാട് എന്നിവര്‍ സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും.

നേരത്തെ കേസ് പരിഗണിച്ച കോടതി പ്രതിപട്ടികയില്‍ നിന്നും ഇരുവരെയും ഒഴിവാക്കാന്‍ വിസമ്മതിക്കുകയും അന്വേഷണം തുടരാമെന്ന് വ്യക്തമാക്കുകയും ചെയ്തിരുന്നു. അന്വേഷണത്തിന്റെ പേരില്‍ ഇരുവരെയും പീഡിപ്പിക്കരുതെന്ന നിര്‍ദ്ദേശം പോലീസിന് നല്‍കിയിരുന്നു.

ഇതിനിടെ കേസില്‍ പോലീസ് അന്വേഷിക്കുന്ന ഫാ.ടോണി കല്ലൂക്കാരന്‍ ഹൈക്കോടതിയില്‍ ഇന്ന് മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയേക്കും.

കര്‍ദ്ദിനാള്‍ ജോര്‍ജ്ജ് ആലഞ്ചേരിക്കെതിരെ വ്യാജരേഖ ചമച്ച കേസില്‍ ആദിത്യനെ കഴിഞ്ഞ ദിവസം റിമാന്‍ഡ് ചെയ്തിരുന്നു. വ്യാജരേഖ ആദ്യം ഇന്റര്‍നെറ്റില്‍ അപ്ലോഡ് ചെയ്തത് ആദിത്യനാണ്. വ്യാജരേഖ നിര്‍മ്മിച്ചത് ആദിത്യനാണെന്നും, തേവരയിലെ കടയില്‍ വച്ചാണ് രേഖകള്‍ തയാറാക്കിയതെന്നും പൊലീസ് പറഞ്ഞു. ഇതിന് ഉപയോഗിച്ച കമ്പ്യൂട്ടറും പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്. ഇയാള്‍ കൊരട്ടി സാഞ്ചോ നഗര്‍ പള്ളി വികാരി ടോണി കല്ലൂക്കാരനെതിരെ മൊഴി നല്‍കിയിട്ടുണ്ട്. കൊന്തുരുത്തി പള്ളി സഹവികാരിയുടെ നിര്‍ദ്ദേശ പ്രകാരമാണ് വ്യാജരേഖ നിര്‍മ്മിച്ചതെന്നാണ് മൊഴി നല്‍കിയത്.

Top