case against Parakkal Abdulla

കോഴിക്കോട്: വിവാദപ്രസംഗം നടത്തിയ കുറ്റ്യാടി എംഎല്‍എ പാറക്കല്‍ അബ്ദുള്ളയ്‌ക്കെതിരെ നാദാപുരം പോലീസ് കേസെടുത്തു. രണ്ടാഴ്ച മുമ്പ് പാറക്കല്‍ അബ്ദുള്ള ദുബായില്‍ കെഎംസിസി യോഗത്തില്‍ നടത്തിയ പ്രസംഗത്തിലാണ് പ്രകോപനപരമായ സംസാരമുണ്ടായത്.

കുറ്റ്യാടി വേളത്ത് കൊല ചെയ്യപ്പെട്ട യൂത്ത് ലീഗ് പ്രവര്‍ത്തകന്‍ നസറുദ്ദീന്റെയും വെള്ളൂരില്‍ കൊല ചെയ്യപ്പെട്ട കാളിയപറമ്പത്ത് അസ്‌ലമിന്റെയും കൊലയാളികളെക്കുറിച്ചും മറ്റുമായിരുന്നു പ്രസംഗം. ഐപിസി 505 (1) ബി പ്രകാരമാണ് നാദാപുരം പോലീസ് കേസെടുത്തത്.

ഡിവൈഎഫ്‌ഐ നാദാപുരം ബ്ലോക്ക് പ്രസിഡന്റ് ടി. അബീഷ് പ്രസംഗത്തിനെതിരേ വടകര റൂറല്‍ എസ്പിക്ക് പരാതി നല്‍കിയിരുന്നു. സംഭവത്തിന് പിന്നിലെ ഗൂഢാലോചന പുറത്തുകൊണ്ടുവരണമെന്നും പരാതിയില്‍ പറയുന്നു.

എസ്പിക്ക് ലഭിച്ച പരാതി നാദാപുരം പോലീസിന് കൈമാറി. തുടര്‍ന്ന് നാദാപുരം പോലീസ് ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ അപേക്ഷ സമര്‍പ്പിച്ചിരുന്നു. കോടതിയുടെ അനുമതി ലഭിച്ചതിനു ശേഷമാണ് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്.

നാദാപുരത്ത് നടന്ന രണ്ട് കൊലപാതകങ്ങളില്‍ പ്രതികാരം ചെയ്യുന്നതുമായി ബന്ധപ്പെട്ടാണ് പാറക്കല്‍ അബ്ദുള്ള ദുബായില്‍ പ്രസംഗിച്ചിരുന്നത്.

അസ്‌ലമിനെ കൊന്ന സിപിഎമ്മുകാരെ കൊല്ലുന്നതിനുമുമ്പ് നസിറുദ്ദീനെ കൊന്ന എസ്ഡിപിഐക്കാരെ കൊല്ലേണ്ടേ? എന്ന ചോദ്യം ഉന്നയിക്കുന്ന പ്രസംഗമാണ് വിവാദമായത്.

പ്രതിയോഗികളെ കൊല്ലാന്‍ മുസ്‌ലിം ലീഗിന് പേടിയോ ഭയമോ ഇല്ല. സിപിഎമ്മുകാരെ കൊല്ലുന്നതിന് മുമ്പ് എസ്ഡിപിഐക്കാരെ കൊന്നാണ് പ്രതികാരം തീര്‍ക്കേണ്ടതെന്ന തരത്തിലുള്ള പ്രസംഗം സോഷ്യല്‍ മീഡയയില്‍ വൈറലായിരുന്നു.

ലീഗ് പ്രവര്‍ത്തകരുടെ കൊലപാതകത്തിന് പകരം ചോദിക്കാന്‍ മാത്രം വളര്‍ച്ച ഇന്ന് ലീഗിനുണ്ട്. എന്നാല്‍ സമാധാനം ആഗ്രഹിക്കുന്നതിനാല്‍ മാത്രമാണ് പ്രകോപനമുണ്ടായിട്ടും പ്രതികരിക്കാതിരിക്കുന്നതെന്നും പ്രസംഗത്തില്‍ പറയുന്നു.

സംഭവം സോഷ്യല്‍ മീഡിയ ഏറ്റെടുത്തതോടെ വന്‍ ചര്‍ച്ചയായി. എന്നാല്‍ പ്രസംഗം മുഴുവന്‍ കേള്‍ക്കാതെ തന്നെ തകര്‍ക്കാനുള്ള ചിലരുടെ ലക്ഷ്യമാണ് വിവാദമുണ്ടാക്കുന്നതെന്ന് പാറക്കല്‍ അബ്ദുള്ള നേരത്തെ പറഞ്ഞിരുന്നു. തന്റെ പ്രസംഗത്തെ വളച്ചൊടിച്ചാണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നതെന്നും അദ്ദേഹം പ്രതികരിച്ചിരുന്നു.

സിപിഎമ്മിന്റെ കോട്ടയായിരുന്ന പ്രദേശത്ത് വിജയക്കൊടി പാറിച്ചതിന്റെ പ്രതികാരം തീര്‍ക്കാനാണ് ഇത്തരം കേസുകള്‍ ഉണ്ടാക്കുന്നത്.

പ്രസംഗത്തില്‍ താന്‍ ഇപ്പോഴും ഉറച്ചുനില്‍ക്കുകയാണ്. തന്റെ പ്രസംഗത്തിലെവിടെയും കൊലയ്ക്ക് ആഹ്വാനം ചെയ്യുന്നില്ല. ഇതിന്റെ വീഡിയോയും സിഡിയുമെല്ലാം തെളിവായുണ്ട്. ആര്‍ക്കും പരിശോധന നടത്തിയാല്‍ സത്യാവസ്ഥ മനസിലാകുമെന്നും പാറക്കല്‍ അബ്ദുള്ള പറഞ്ഞു.

Top