വനിതാസുഹൃത്തിനെ വെടിവെച്ചു കൊലപ്പെടുത്തിയ കേസ്; യുഎസ് കോടീശ്വരന്‍ ഡേസ്റ്റ് കുറ്റക്കാരന്‍

ലോസ് ആഞ്ജലിസ്: വനിതാസുഹൃത്തിന്റെ കൊലപാതകത്തില്‍ യു.എസ്. റിയല്‍ എസ്റ്റേറ്റ് ഭീമനും ശതകോടീശ്വരനുമായ റോബര്‍ട്ട് ഡേസ്റ്റ് കുറ്റക്കാരനാണെന്ന് ലോസ് ആഞ്ജലിസ് കോടതി. 2000 ഡിസംബറില്‍ സുഹൃത്തായ സൂസന്‍ ബെര്‍മാനെ അവരുടെ ബെവെര്‍ലി ഹില്‍സിലെ വീട്ടില്‍വെച്ച് വെടിവെച്ചുകൊലപ്പെടുത്തിയ കേസിലാണ് വിധി. ഒക്ടോബര്‍ 18-ന് ശിക്ഷ പ്രഖ്യാപിക്കും.

1980-ല്‍ ഡേസ്റ്റിന്റെ ഭാര്യ കാതലീനെ കാണാതായ സംഭവത്തില്‍ സൂസനെ ന്യൂയോര്‍ക്ക് പൊലീസ് ചോദ്യം ചെയ്യുന്നത് ഒഴിവാക്കാനാണ് കൊലപാതകം നടത്തിയതെന്ന പ്രോസിക്യൂഷന്‍ വാദം കോടതി അംഗീകരിച്ചു. കാതലീന്റെ തിരോധാനത്തില്‍ സംശയിക്കുന്നവരുടെ പട്ടികയില്‍ ഉള്‍പ്പെട്ടതിനുശേഷം സൂസന്‍, ഡേസ്റ്റിന്റെ വക്താവായി പ്രവര്‍ത്തിച്ചിരുന്നു.

ന്യൂയോര്‍ക്കിലെ കോടീശ്വരന്മാരിലൊരാളായ ഡേസ്റ്റ്, ഭാര്യയുടെ തിരോധാനവുമായി ബന്ധപ്പെട്ട പ്രതിപ്പട്ടികയില്‍ ഉള്‍പ്പെട്ടിരുന്നില്ല. സൂസന്റെ കൊലപാതകത്തില്‍ 2015 മാര്‍ച്ചിലാണ് ഡേസ്റ്റ് അറസ്റ്റിലാകുന്നത്. അദ്ദേഹത്തെക്കുറിച്ച് എച്ച്.ബി.ഒ. നിര്‍മിച്ച ‘ദ ജിന്‍ക്‌സ്: ദ ലൈഫ് ആന്‍ഡ് ഡെത്ത്‌സ് ഓഫ് റോബര്‍ട്ട് ഡേസ്റ്റ്’ എന്ന ഡോക്യുമെന്ററിയുടെ അവസാന എപ്പിസോഡ് സംപ്രേഷണം ചെയ്യുന്നതിന് മണിക്കൂറുകള്‍ക്കുമുമ്പായിരുന്നു അറസ്റ്റ്. ഈ എപ്പിസോഡില്‍ കൊലപാതകക്കുറ്റങ്ങള്‍ സമ്മതിച്ച് ഡേസ്റ്റ് പിറുപിറുക്കുന്നത് വ്യക്തമായി കേട്ടിരുന്നു.

മൈക്രോഫോണ്‍ ഓണ്‍ ആണെന്നറിയാതെയായിരുന്നു ഡേസ്റ്റിന്റെ കുറ്റസമ്മതം. ടെക്‌സസിലെ തന്റെ അയല്‍ക്കാരനായിരുന്ന മോറിസ് ബ്ലാക്കിന്റെ കൊലപാതകത്തിനുപിന്നിലും ഡേസ്റ്റായിരുന്നു. എന്നാല്‍, സ്വയംരക്ഷയ്ക്കുവേണ്ടിയാണ് കൊലപാതകമെന്നതിനാല്‍ ഈ കേസില്‍ അദ്ദേഹത്തെ വെറുതേവിട്ടിരുന്നു.

 

Top