ബഷീറിനെ വാഹനമിടിച്ച് കൊന്ന കേസ്; ശ്രീറാം വെങ്കിട്ടരാമന്‍ നേരിട്ട് കോടതിയില്‍ ഹാജരാകണം

തിരുവനന്തപുരം: മാധ്യമപ്രവര്‍ത്തകന്‍ കെ.എം.ബഷീറിനെ വാഹനമിടിച്ച് കൊലപ്പെടുത്തിയ കേസില്‍ ശ്രീറാം വെങ്കിട്ടരാമന്‍ ഐഎഎസ് കോടതിയില്‍ നേരിട്ട് ഹാജരാകണമെന്ന് തിരുവനന്തപുരം ജില്ലാ സെഷന്‍സ് കോടതിയുടെ നിര്‍ദേശം. ഡിസംബര്‍ 11ന് നേരിട്ട് ഹാജരാകണം. ബഷീര്‍ കൊല്ലപ്പെട്ട കേസില്‍ നരഹത്യ, തെളിവു നശിപ്പിക്കല്‍ കുറ്റങ്ങള്‍ പുനഃസ്ഥാപിച്ച ഹൈക്കോടതി വിധിക്കെതിരെ ഒന്നാം പ്രതിയായ ശ്രീറാം വെങ്കിട്ടരാമന്‍ സുപ്രീം കോടതിയെ സമീപിച്ചെങ്കിലും ഹര്‍ജി തള്ളിയിരുന്നു.

നരഹത്യാക്കുറ്റം നിലനില്‍ക്കുമോയെന്നു വിചാരണയിലാണ് വ്യക്തമാകേണ്ടതെന്നു വ്യക്തമാക്കിയാണ് സുപ്രീം കോടതി ഹര്‍ജി തള്ളിയത്. ഇതോടെ, ശ്രീറാം വെങ്കിട്ടരാമന് നരഹത്യാക്കുറ്റത്തിനു വിചാരണ നേരിടേണ്ട സാഹചര്യമുണ്ടായി.

2019 ഓഗസ്റ്റ് 3നു പുലര്‍ച്ചെ ശ്രീറാം ഓടിച്ച വാഹനം ഇടിച്ചാണ് ബഷീര്‍ കൊല്ലപ്പെടുന്നത്. ശ്രീറാമിന്റെ വിടുതല്‍ ഹര്‍ജി പരിഗണിച്ച തിരുവനന്തപുരം അഡി. സെഷന്‍സ് കോടതി നരഹത്യ, തെളിവു നശിപ്പിക്കല്‍ കുറ്റങ്ങള്‍ ഒഴിവാക്കിയിരുന്നു. ഇതിനെതിരെ സര്‍ക്കാര്‍ ഹൈക്കോടതിയെ സമീപിച്ചു. ശ്രീറാം വെങ്കിട്ടരാമനെതിരെ നരഹത്യാക്കുറ്റം നിലനില്‍ക്കുമെന്ന് ഹൈക്കോടതി വിധിച്ചു. ഇതിനെതിരെ ശ്രീറാം സുപ്രീം കോടതിയില്‍ ഹര്‍ജി നല്‍കി.

കേസിലെ എല്ലാ കാര്യങ്ങളും പരിഗണിച്ച സെഷന്‍സ് കോടതി നരഹത്യാക്കുറ്റം നിലനില്‍ക്കില്ലെന്നു വിധിച്ചിരുന്നതായി ശ്രീറാമിന്റെ അഭിഭാഷകന്‍ സുപ്രീം കോടതിയില്‍ വാദിച്ചു. നരഹത്യ ചുമത്താനുള്ള തെളിവുകള്‍ കേസിലില്ല. മദ്യപിച്ചെന്നു ശാസ്ത്രീയ പരിശോധനാ ഫലമില്ലെന്നും ശ്രീറാമിന്റെ അഭിഭാഷകന്‍ വാദിച്ചു. വിചാരണ നടക്കേണ്ട കേസാണിതെന്നും തെളിവുകളുണ്ടോയെന്ന് വിചാരണയില്‍ പരിശോധിക്കട്ടെയെന്നുമായിരുന്നു സുപ്രീം കോടതി നിലപാട്.

Top