പോപ്പുലർ ഫ്രണ്ട് ഹർത്താൽ : നടപടി വൈകിയതിൽ മാപ്പു പറഞ്ഞ് സർക്കാർ

കൊച്ചി: പോപ്പുലർ ഫ്രണ്ട് ഹർത്താലിൽ പൊതുമുതൽ നശിപ്പിച്ച സംഭവത്തിൽ നടപടി വൈകിയതിൽ സർക്കാർ ഹൈക്കോടതിയിൽ നിരുപാധികം മാപ്പു പറഞ്ഞു. പ്രതികളുടെ സ്വത്ത് കണ്ടുകെട്ടണമെന്ന കോടതി ഉത്തരവ് നടപ്പാക്കുന്നതിൽ മനപ്പൂർവമായ വീഴ്ച വരുത്തിയിട്ടില്ല. രജിസ്‌ട്രേഷൻ വകുപ്പ് കണ്ടെത്തിയ വസ്തുക്കൾ ജനുവരി 15 ന് അകം കണ്ടുകെട്ടുമെന്നും സർക്കാർ ഹൈക്കോടതിയെ അറിയിച്ചു.

പൊതുമുതൽ സംരക്ഷിക്കൽ പ്രധാനമാണെന്ന് കോടതി പറഞ്ഞു. അല്ലാത്ത നടപടികൾ സമൂഹത്തിനെതിരാണ്. അത്തരം നടപടികൾ ഉരുക്കുമുഷ്ടി കൊണ്ട് നേരിടണമെന്നും കോടതി അഭിപ്രായപ്പെട്ടു. പോപ്പുലർ ഫ്രണ്ട് ഹർത്താൽ കേസ് പരിഗണിച്ചപ്പോൾ അഡീഷണൽ ചീഫ് സെക്രട്ടറി കോടതിയിൽ ഹാജരായി.

ജനുവരി 15 നകം റവന്യൂ റിക്കവറി പൂർത്തിയാക്കാമെന്നും സർക്കാർ സത്യവാങ്മൂലം നൽകി. നേരത്തെ പിഎഫ്‌ഐ ഹർത്താൽ കേസിൽ റവന്യൂ റിക്കവറി നടപടി വൈകുന്നതിൽ ഹൈക്കോടതി സർക്കാരിനെ രൂക്ഷമായി വിമർശിച്ചിരുന്നു. നടപടി പൂർത്തിയാക്കാൻ ആറുമാസം വേണമെന്ന സർക്കാരിന്റെ അപേക്ഷയും കോടതി തള്ളിക്കളഞ്ഞിരുന്നു.

Top