സമുദായ സ്പര്‍ധ സൃഷ്ടിച്ചുവെന്ന കേസ്; എഫ്‌ഐആര്‍ റദ്ദാക്കണമെന്ന് കങ്കണ

മുംബൈ: സമുദായ സ്പര്‍ധ സൃഷ്ടിക്കുന്നുവെന്ന കേസില്‍ തങ്ങള്‍ക്കെതിരേയുള്ള എഫ്.ഐ.ആര്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ട് നടി കങ്കണ റണാവത്തും സഹോദരിയും ബോംബെ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കി. കേസില്‍ ഇരുവര്‍ക്കുമെതിരേ മുംബൈ പൊലീസ് മൂന്നാമതും നോട്ടീസ് അയച്ചിരുന്നു. ഇന്നും നാളെയും ബാന്ദ്ര പൊലീസിനു മുന്നില്‍ ഹാജരാകണമെന്നായിരുന്നു നിര്‍ദ്ദേശം.

എന്നാല്‍ രണ്ടു തവണയും കങ്കണയും സഹോദരിയും ഹാജരായില്ല. സഹോദരന്റെ വിവാഹത്തിന്റെ തിരക്കിലാണെന്നും നവംബര്‍ 15നു ശേഷം വരാമെന്നുമായിരുന്നും ഇരുവരും അറിയിച്ചത്.

സമുദായങ്ങള്‍ തമ്മില്‍ ശത്രുത വളര്‍ത്തുന്ന തരത്തിലുള്ള പോസ്റ്റുകള്‍ സമൂഹമാധ്യമത്തിലൂടെ പ്രചരിപ്പിച്ചെന്നാണു രണ്ടു പേര്‍ക്കും എതിരായ കുറ്റം. ബോളിവുഡ് കാസ്റ്റിങ് ഡയറക്ടറും ഫിറ്റ്നസ് ട്രെയിനറുമായ മുനാവ്വര്‍ അലി സയ്യിദ് നല്‍കിയ പരാതിയിലാണു കേസെടുത്തത്.

Top