നടിയെ ആക്രമിച്ച കേസ്; വാര്‍ത്തകള്‍ വിലക്കണമെന്നാവശ്യപ്പെട്ടുള്ള ദിലീപിന്റെ ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ മാധ്യമ വാര്‍ത്തകള്‍ വിലക്കണമെന്നാവശ്യപ്പെട്ടുള്ള ദിലീപിന്റെ ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. സര്‍ക്കാര്‍ ഇന്ന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചേക്കും. ഹര്‍ജി നിയമപരമായി നിലനില്‍ക്കില്ലെന്നാണ് പ്രോസിക്യൂഷന്റെ വാദം. മാധ്യമവിചാരണ നടത്തി തനിയ്‌ക്കെതിരെ ജനവികാരം ഉണ്ടാക്കാന്‍ അന്വേഷണസംഘം ശ്രമിക്കുന്നു.

കേസിലെ വിചാരണ അട്ടിമറിക്കാനാണ് അന്വേഷണ സംഘവും പ്രോസിക്യൂഷനും ശ്രമിക്കുന്നതെന്നും ദിലീപ് ഹര്‍ജിയില്‍ ആരോപിക്കുന്നു. വിചാരണക്കോടതിയിലെ നടപടികള്‍ പൂര്‍ത്തിയാകുംവരെ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നത് തടയണം. രഹസ്യ വിചാരണ എന്ന കോടതി ഉത്തരവ് ലംഘിക്കുന്ന മാധ്യമങ്ങള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്നും ദിലീപ് ഹര്‍ജിയില്‍ ആവശ്യപ്പെടുന്നു.

ഇതിനിടെ നടിയെ ആക്രമിച്ച കേസിന്റെ തുടരന്വേഷണം തടയണമെന്നാവശ്യപ്പെട്ട് നടന്‍ ദിലീപ് സമര്‍പ്പിച്ച ഹര്‍ജിയെ എതിര്‍ത്ത് നടി കേസില്‍ കക്ഷി ചേരും. കഴിഞ്ഞ ദിവസം കോടതി കേസ് പരിഗണിച്ചപ്പോഴാണ് നടി ഇക്കാര്യം അറിയിച്ചത്. കക്ഷി ചേരാന്‍ സമയം അനുവദിക്കണമെന്ന് നടി കോടതിയില്‍ അഭ്യര്‍ത്ഥിച്ചു. കേസ് ഹൈക്കോടതി തിങ്കളാഴ്ചത്തേക്ക് മാറ്റിയിരിക്കുകയാണ്.

 

 

Top