നടിയെ ആക്രമിച്ച കേസ്; വിചാരണ പൂര്‍ത്തിയാക്കാന്‍ കൂടുതല്‍ സമയം വേണമെന്ന് കോടതി

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ വിചാരണ പൂര്‍ത്തിയാക്കാന്‍ കൂടുതല്‍ സമയം വേണമെന്ന ആവശ്യവുമായി പ്രത്യേക കോടതി ജഡ്ജി. നടപടികള്‍ പൂര്‍ത്തിയാക്കാന്‍ സമയം കൂടുതല്‍ വേണമെന്നാവശ്യപ്പെട്ട് കേസ് പരിഗണിക്കുന്ന സ്‌പെഷ്യല്‍ ജഡ്ജി ഹണി എം. വര്‍ഗീസാണ് സുപ്രീംകോടതിയില്‍ കത്ത് നല്‍കിയത്. കേസില്‍ ആഗസ്റ്റിനകം വിചാരണ പൂര്‍ത്തിയാക്കണമെന്ന സുപ്രീംകോടതി നിര്‍ദേശം സാധ്യമാവില്ലെന്നും സ്‌പെഷ്യല്‍ ജഡ്ജി അറിയിച്ചു.

കോവിഡിനെ തുടര്‍ന്ന് കോടതി അടച്ചിടേണ്ട സാഹചര്യമുണ്ടായതും ജീവനക്കാര്‍ക്ക് രോഗബാധ സ്ഥിരീകരിച്ചതും കോടതി നടപടികള്‍ വൈകുന്നതിന് കാരണമായെന്ന് സ്‌പെഷ്യല്‍ ജഡ്ജി സുപ്രീംകോടതിക്ക് അയച്ച കത്തില്‍ വ്യക്തമാക്കി. ഇതോടൊപ്പം കേസില്‍ നിന്ന് പ്രോസിക്യൂട്ടര്‍ പിന്‍മാറിയതും, കേസുമായി ബന്ധപ്പെട്ട് ഹൈക്കോടതിക്ക് മുമ്പാകെ ഹര്‍ജിയും എത്തിയതും വിചാരണ നടപടികള്‍ വൈകാനിടയാക്കിയെന്ന് കത്തില്‍ പറയുന്നു.

സുപ്രീം കോടതി 2021 ഓഗസ്റ്റില്‍ നടപടികള്‍ പൂര്‍ത്തിയാക്കാന്‍ ആവശ്യപ്പെട്ടിരുന്നു. കൊവിഡ് മൂലം നടപടികള്‍ തടസ്സപ്പെട്ടെന്ന് വിചാരണ അറിയിച്ചു. അപ്രതീക്ഷിതമായി അടച്ചുപൂട്ടല്‍, അഭിഭാഷകര്‍ ആവശ്യപ്പെട്ട അവധി എന്നിവ സമയം നഷ്ടപെടുത്തി.

ഇതുവരെ 179 സാക്ഷികളെ വിസ്തിരിച്ചു. 124 വസ്തുക്കളും പ്രോസിക്യൂഷന്‍ ഹാജരാക്കിയ 199 രേഖകളും പരിശോധിച്ചു. സിനിമാ നടന്മാരും സെലിബ്രിറ്റികളും ഉള്‍പ്പെടുന്ന 43 സാക്ഷികളെ കൂടി വിസ്താരത്തിനായി ഉടന്‍ ഷെഡ്യൂള്‍ ചെയ്യുമെന്നും കോടതി അറിയിച്ചു.

Top