മോന്‍സനെതിരായ പോക്‌സോ കേസ്; പെണ്‍കുട്ടിയെ പൂട്ടിയിട്ട ഡോക്ടര്‍മാര്‍ക്കെതിരെ കേസെടുത്തു

കൊച്ചി: പുരാവസ്തു തട്ടിപ്പ് കേസ് പ്രതി മോന്‍സന്‍ മാവുങ്കലിനെതിരെ പീഡനാരോപണം ഉന്നയിച്ച നല്‍കിയ പെണ്‍കുട്ടിയുടെ പരാതിയില്‍ കളമശ്ശേരി മെഡിക്കല്‍ കോളേജിനെതിരെ കേസ്. വൈദ്യപരിശോധനയ്‌ക്കെത്തിയപ്പോള്‍ തന്നെ ഡോക്ടര്‍മാര്‍ പൂട്ടിയിട്ട് ഭീഷണിപ്പെടുത്തിയെന്ന പരാതിയിലാണ് ക്രൈം ബ്രാഞ്ച് കേസ്. അന്വേഷണത്തിനായി ക്രൈം ബ്രാഞ്ച് ഇന്ന് കളമശേരി മെഡിക്കല്‍ കോളേജിലെത്തും.

കഴിഞ്ഞ ദിവസമാണ് കളമശ്ശേരി മെഡിക്കല്‍ കോളേജ് ഡോക്ടര്‍മാര്‍ക്കെതിരെ പെണ്‍കുട്ടി പരാതി നല്‍കിയത്. തന്നെ മുറിയിലടച്ചിട്ട് ഡോക്ടമാരും ആശുപത്രി ജീവനക്കാരും ചേര്‍ന്ന് ഭീഷണിപ്പെടുത്തിയെന്നും സെക്യൂരിറ്റി ജീവനക്കാരെ ഉപയോഗിച്ച് തന്നെയും ബന്ധുവിനെയും പിടിച്ചു വെക്കാനുള്ള ശ്രമവും നടന്നെന്നും പരാതിയില്‍ പറയുന്നു. മോന്‍സന് അനുകൂലമായ മൊഴി നല്‍കണമെന്ന് ആവശ്യപ്പെട്ടാണ് ഭീഷണി. മോന്‍സന്റെ മകന്‍ ഹൗസ് സര്‍ജന്‍സി ചെയ്യുന്നത് കളമശ്ശേരി മെഡിക്കല്‍ കോളേജിലാണ്.

പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടി വൈദ്യ പരിശോധനയ്ക്ക് ആദ്യം ആലുവ ജനറല്‍ ആശുപത്രിയിലായിരുന്നു പോയത്. എന്നാല്‍ കളമശ്ശേരി മെഡിക്കല്‍ കോളേജിലേ പരിശോധന നടത്തൂ എന്നറിയച്ചതിനെത്തുടര്‍ന്ന് അങ്ങോട്ടേക്ക് പോവുകയായിരുന്നു. രണ്ട് വനിതാ പൊലീസുകാരുടെ സാന്നിധ്യത്തിലാണ് പെണ്‍കുട്ടി കളമശ്ശേരി മെഡിക്കല്‍ കേളേജിലെത്തിയത്. ഒപ്പം സഹോദരന്റെ ഭാര്യയുമുണ്ടായിരുന്നു. വൈദ്യ പരിശോധനയ്ക്ക് മറ്റൊരു റൂമിലേക്ക് പോയ പെണ്‍കുട്ടിയെ മൂന്ന് ഡോക്ടര്‍മാര്‍ കൂടി ചോദ്യം ചെയ്തു. മോന്‍സണെതിരെ ഇത്തരമൊരു ആരോപണം ഉന്നയിക്കരുതെന്ന് ഡോക്ടര്‍മാര്‍ ആവശ്യപ്പെട്ടെന്നാണ് പെണ്‍കുട്ടി പറയുന്നത്. പിന്നീട് ഡോക്ടര്‍മാര്‍ ഭീഷണി സ്വരത്തില്‍ സംസാരിച്ചു. മുറിയില്‍ നിന്ന് പോവാന്‍ ശ്രമിച്ച തന്നെയും ഇതറിഞ്ഞ ബന്ധുവിനെയും പിടിച്ചിരുത്തി മുറിയുടെ വാതില്‍ കുറ്റിയിട്ടെന്നും പെണ്‍കുട്ടി പറയുന്നു.

Top