ബോളിവുഡ് നടി ശില്‍പ ഷെട്ടിക്കും അമ്മയ്ക്കുമെതിരെ യുപിയില്‍ കേസ്

ലഖ്നൗ: ബോളിവുഡ് നടി ശില്‍പ ഷെട്ടിക്കും അമ്മ സുനന്ദ ഷെട്ടിക്കും എതിരെ ഉത്തര്‍പ്രദേശ് പൊലീസ് കേസെടുത്തു. വെല്‍നസ് കേന്ദ്രത്തിന്റെ പേരില്‍ തട്ടിപ്പ് നടത്തിയെന്ന് ആരോപിക്കുന്ന കേസില്‍ നടിയെയും അമ്മയെയും ചോദ്യം ചെയ്യാന്‍ ലഖ്നൗ പൊലീസ് മുംബൈയിലേക്ക് തിരിക്കും.ഇരുവര്‍ക്കുമെതിരെ ഹസ്രത്ഗഞ്ച്, വിഭൂതി ഖണ്ഡ് എന്നീ പൊലീസ് സ്റ്റേഷനുകളില്‍ രണ്ട് എഫ്‌ഐആറുകള്‍ രജിസ്റ്റര്‍ ചെയ്തതായും തുടര്‍ന്ന് ലഖ്നൗ പൊലീസ് അന്വേഷണം ഊര്‍ജിതമാക്കിയെന്നുമാണ് റിപ്പോര്‍ട്ട്.

ലോസിസ് വെല്‍നസ് സെന്റര്‍ സ്ഥാപനത്തിന്റെ ചെയര്‍പേഴ്സണാണ് ശില്‍പ ഷെട്ടി. അമ്മ സുനന്ദ ഷെട്ടിയാണ് ഡയറക്ടര്‍. വെല്‍നസ് സെന്ററിന്റെ ഒരു പുതിയ ശാഖ തുടങ്ങുമെന്ന് ഇരുവരും അറിയിച്ചെങ്കിലും ഇതുവരെയും ഇതിന്റെ പ്രവര്‍ത്തനം തുടങ്ങിയിട്ടില്ല. പുതിയ സെന്ററിന്റെ പേരില്‍ രണ്ടുപേരില്‍ നിന്ന് കോടിക്കണക്കിന് രൂപ കൈപ്പറ്റിയെന്നാണ് ഇവര്‍ക്കെതിരെയുള്ള ആരോപണം.

ശില്‍പയും മാതാവും തങ്ങളെ പറ്റിച്ചെന്ന് ആരോപിച്ച് ജ്യോത്സ്‌ന ചൗഹാന്‍, രോഹിത് വീര്‍ സിങ് എന്നിവരാണ് പൊലീസില്‍ പരാതി നല്‍കിയത്. ചോദ്യം ചെയ്യലിനായി ഹസ്രത്ഗഞ്ച് പൊലീസും വിഭൂതി ഖണ്ഡ് പൊലീസും നടിക്കും അമ്മയ്ക്കും നോട്ടിസ് അയച്ചിട്ടുണ്ട്.ശില്‍പ ഷെട്ടിയുടെ ഭര്‍ത്താവും വ്യവസായിയുമായ രാജ് കുന്ദ്ര നീലച്ചിത്ര നിര്‍മാണത്തില്‍ അറസ്റ്റിലായിരുന്നു. ഇദ്ദേഹത്തിന്റെ ജുഡീഷ്യല്‍ കസ്റ്റഡി ചോദ്യം ചെയ്തുകൊണ്ടുള്ള ഹര്‍ജി കോടതി തള്ളിയിട്ടുണ്ട്.

 

Top