വായ്പ തട്ടിപ്പു കേസ് ;സ്റ്റെര്‍ലിങ് ബയോടെക് കമ്പനിയുടെ ഡയറക്ടര്‍ നൈജീരിയയിലേയ്ക്ക് കടന്നു

ന്യൂഡല്‍ഹി: 5000 കോടി രൂപയുടെ വായ്പ തട്ടിപ്പു കേസില്‍ സിബിഐ അന്വേഷണം നേരിടുന്ന സ്റ്റെര്‍ലിങ് ബയോടെക് കമ്പനിയുടെ ഡയറക്ടര്‍ നിതിന്‍ സന്ദേശര നൈജീരിയയിലേയ്ക്ക് കടന്നതായി റിപ്പോര്‍ട്ട്.

നിതിനെ കൂടാതെ, അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളും ഡയറക്ടര്‍മാരുമായ ചേതന്‍ സന്ദേശര, സഹോദര ഭാര്യ ദീപ്തി ബെന്‍ സന്ദേശര എന്നിവരും നൈജീരിയയിലേയ്ക്ക് കടന്നതായാണ് സൂചന ലഭിച്ചിരിക്കുന്നത്.

യുഎഇ ഇവരെ അറസ്റ്റ് ചെയ്യാനിരിക്കെയാണ് നൈജീരിയയിലേയ്ക്ക് കടന്നതായി സംശയിക്കുന്നത്. ഇന്ത്യയും നൈജീരിയയും തമ്മില്‍ കുറ്റവാളികളെ കൈമാറുന്നതിനുള്ള ധാരണ ഇല്ലാത്തതുകൊണ്ട് തുടര്‍നടപടികളെ ഇത് ബാധിക്കും.

അതിനിടെ ഓഗസ്റ്റ് രണ്ടാമത്തെ ആഴ്ചയില്‍ നിതിന്‍ സന്ദേശരയെ യുഎഇയില്‍ പിടികൂടിയെന്ന വാര്‍ത്ത തെറ്റായിരുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. അതിനു മുമ്പെ ഇവര്‍ നൈജീരിയയിലേയ്ക്ക് കടന്നതായാണ് സൂചന.

വഡോദര ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കമ്പനി ആന്ധ്ര ബാങ്ക് ഉള്‍പ്പെട്ട കണ്‍സോര്‍ഷ്യത്തില്‍ നിന്ന് വായ്പയെടുത്ത 5000 കോടി രൂപ തിരിച്ചടച്ചില്ലെന്നാണ് കേസ്. രണ്ടു വര്‍ഷം മുമ്പു വരെയുള്ള കണക്കു പ്രകാരം കമ്പനിയുടെ മൊത്തം കുടിശിക 5383 കോടി രൂപയാണ്.

Top