ചായക്കടയിലെ രാഷ്ടീയ ചര്‍ച്ച പൊല്ലാപ്പായി; പശുവിനേയും മതത്തേയും അപമാനിച്ചതിന് കേസ്

കാസര്‍കോട്: ചായക്കടയിലെ ചര്‍ച്ചക്കിടെ പശുവിനേയും ഹിന്ദു ദൈവങ്ങളേയും അധിക്ഷേപിച്ചെന്ന പരാതിയില്‍ കാസര്‍കോട് വെള്ളരിക്കുണ്ട് സ്വദേശിക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തു. വെള്ളരിക്കുണ്ട് സ്വദേശി സാജന്‍ അബ്രഹാമിനെതിരെയാണ് പൊലീസ് കേസെടുത്തത്. വിശ്വഹിന്ദു പരിഷത് പ്രവര്‍ത്തകന്റെ പരാതിയിലാണ് പൊലീസ് നടപടി.

കഴിഞ്ഞദിവസം ഓണിക്കുന്നിലെ ചായക്കടയില്‍ വച്ച് ചന്ദ്രനും സാജനും തമ്മില്‍ നടന്ന രാഷ്ട്രീയ ചര്‍ച്ചയ്ക്കിടെയാണ് വിഷയം വഷളായത്. പശുവിനെ ദൈവമായി കാണുന്ന നിങ്ങള്‍ അതിന്റെ പാലും കുടിക്കാന്‍ പാടില്ലെന്ന് സാജന്‍ പറഞ്ഞെന്നും പിന്നീട് ഹിന്ദു ദൈവങ്ങളെ നിന്ദിച്ച് സംസാരിച്ചെന്നുമാണ് ചന്ദ്രന്‍ പറയുന്നത്.

എന്നാല്‍ ആരേയും ആക്ഷേപിച്ചിട്ടില്ല. ഓരോരുത്തര്‍ക്ക് ഓരോ വിശ്വാസമുണ്ട്. അവര്‍ക്ക് വിശ്വസിക്കാനുള്ള അവകാശമുണ്ട്. അവരെ കളിയാക്കേണ്ട കാര്യമില്ല രാഷ്ട്രീയ ചര്‍ച്ച മാത്രമാണ് നടത്തിയത്. മതത്തെ നിന്ദിക്കുന്ന ഒന്നും തന്നെ താന്‍ പറഞ്ഞിട്ടില്ലെന്നും സാജന്‍ പറയുന്നു. ഞാന്‍ പശുവിനെക്കുറിച്ച് സംസാരിച്ചെന്നും നിന്ദിച്ചെന്നും പറഞ്ഞാണ് കേസ് കൊടുത്തിരിക്കുന്നത്. പശുവിനെ കറന്നും വളര്‍ത്തിയും ജീവിക്കുന്നവരാണ് ഞങ്ങളും. അങ്ങനെയൊന്നും പറയേണ്ട നമ്മള്‍ക്കില്ലെന്നും അയാല്‍ വ്യക്തമാക്കി.

സംഭവത്തില്‍ പൊലീസ് ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.കൂടുതല്‍ അന്വേഷിച്ച ശേഷം നടപടിയുമായി മുന്നോട്ട് പോകുമെന്ന് സ്ഥലം എസ്‌ഐ പറഞ്ഞു.

Top