‘തനിക്കെതിരെ കേസെടുത്തത് രാഷ്ട്രീയ അജന്‍ഡയുടെ ഭാഗം’; ഐഷ സുല്‍ത്താന

കൊച്ചി: തനിക്കെതിരെയുള്ള കേസടക്കമുള്ള നിയമനടപടികള്‍ രാഷ്ട്രീയ അജന്‍ഡയുടെ ഭാഗമെന്ന് ലക്ഷദ്വീപ് സ്വദേശിയും ചലച്ചിത്ര പ്രവര്‍ത്തകയുമായ ഐഷ സുല്‍ത്താന പറഞ്ഞു. ചാനല്‍ ചര്‍ച്ചയ്ക്കിടെ നടത്തിയ ബയോവെപ്പണ്‍ പരാമര്‍ശത്തില്‍ ലക്ഷദ്വീപ് പൊലീസ് എടുത്ത രാജ്യദ്രോഹക്കേസില്‍ ചോദ്യം ചെയ്യല്‍ പൂര്‍ത്തിയാക്കി കൊച്ചിയില്‍ തിരിച്ചെത്തിയ ശേഷമായിരുന്നു ഐഷയുടെ പ്രതികരണം.

തനിക്ക് പിറകില്‍ എന്തോ വന്‍സംഘമുണ്ടെന്നും താന്‍ ഭയങ്കര ആഡംബരജീവിതമാണ് നയിക്കുന്നതെന്നും അതിനായി ആരോ ഫണ്ടിംഗ് നടത്തുന്നുവെന്നുമുള്ള തരത്തിലാണ് അവര്‍ വരുത്തി തീര്‍ക്കാന്‍ ശ്രമിക്കുന്നതെന്നും ഐഷ വ്യക്തമാക്കി. മുന്‍കൂര്‍ ജാമ്യം അനുവദിച്ച കേരള ഹൈക്കോടതിയുടെ നടപടി ഏറെ ആത്മവിശ്വാസവും ആശ്വാസവും നല്‍കുന്നതാണെന്നും ഐഷ പറഞ്ഞു.

തന്റെ കുടുംബാംഗങ്ങളുടേയും ബാങ്ക് അക്കൗണ്ട് വിവരങ്ങളടക്കം എല്ലാ കാര്യങ്ങളും ലക്ഷദ്വീപ് പൊലീസ് അന്വേഷിച്ചിട്ടുണ്ട്. എന്റെ പിറകില്‍ ഏതോ വലിയ സംഘടനയുണ്ട് എന്ന രീതിയിലാണ് പ്രചാരണവും അന്വേഷണവും. എല്ലാ കാര്യങ്ങളും പൊലീസ് പരിശോധിച്ചിട്ടുണ്ട്. ലക്ഷദ്വീപ് ജനത ഒരു പോരാട്ടത്തിന് സജ്ജമാണ്. ഉദ്യോഗസ്ഥരൊക്കെ ആരേയോ വല്ലാതെ പേടിക്കുന്നതായാണ് തോന്നിയത്. ഞാന്‍ ക്വാറന്റൈന്‍ ചട്ടങ്ങള്‍ ലംഘിച്ചുവെന്നതെല്ലാം വ്യാജമായ വാര്‍ത്തയാണ്.’ ഐഷ സുല്‍ത്താന പറഞ്ഞു.

അഗത്തിയില്‍ നിന്നും ആയിഷ യാത്ര ചെയ്ത വിമാനം മോശം കാലാവസ്ഥയെത്തുടര്‍ന്ന് ആദ്യം കോയമ്പത്തൂരിലേക്ക് തിരിച്ചുവിട്ടിരുന്നു. പിന്നീട് നെടുമ്പാശ്ശേരിയില്‍ തന്നെ ഇറക്കുകയായിരുന്നു.

Top