കളമശ്ശേരി സ്‌ഫോടനവുമായി ബന്ധപ്പെട്ട് കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖറിനെതിരായ കേസ്; കടുത്ത നടപടികള്‍ പാടില്ല

കൊച്ചി: കളമശ്ശേരി സ്‌ഫോടനവുമായി ബന്ധപ്പെട്ട് കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖര്‍ നടത്തിയ പരാമര്‍ശത്തില്‍ കടുത്ത നടപടികള്‍ പാടില്ലെന്ന് ഹൈക്കോടതി നിര്‍ദ്ദേശം. മതവിദ്വേഷം ഉണ്ടാക്കാന്‍ ശ്രമിച്ചെന്ന കേസിലാണ് ഹൈക്കോടതിയുടെ ഇടപെടല്‍. രാജീവ് ചന്ദ്രശേഖറിനെതിരെ ഡിസംബര്‍ 14 വരെ കര്‍ശന നടപടികള്‍ പാടില്ലെന്ന് ഹൈക്കോടതി നിര്‍ദ്ദേശം നല്‍കി.

കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് രാജീവ് ചന്ദ്രശേഖര്‍ നല്‍കിയ ഹര്‍ജിയിലാണ് കോടതിയുടെ ഇടക്കാല ഉത്തരവ്. കേസില്‍ കര്‍ശന നടപടി ഉണ്ടാകില്ലെന്ന് സര്‍ക്കാര്‍ അറിയിച്ചതും കോടതി രേഖപ്പെടുത്തി. പരാതിക്കാരന്‍ ആയ കോണ്‍ഗ്രസ് നേതാവ് ഡോ:പി.സരിന്‍ അടക്കമുള്ളവര്‍ക്ക് ഹൈക്കോടതി നോട്ടീസ് അയച്ചിട്ടുണ്ട്. എറണാകുളം സെന്‍ട്രല്‍ പൊലീസ് എടുത്ത കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ടാണ് രാജീവ് ചന്ദ്രശേഖര്‍ ഹൈക്കോടതിയെ സമീപിച്ചത്.

കളമശ്ശേരി സ്‌ഫോടനവുമായി ബന്ധപ്പെട്ട് സമൂഹമാധ്യമം വഴി വിദ്വേഷ പ്രചാരണം നടത്തിയെന്നതടക്കമുള്ള കുറ്റങ്ങള്‍ ചുമത്തിയായിരുന്നു രാജീവ് ചന്ദ്രശേഖറിനെതിരെ പൊലീസ് കേസെടുത്തിരുന്നത്.

Top