തുഷാറിനെ കുടുക്കിയതെന്ന് സൂചന ; നാസില്‍ അബ്ദുല്ലയുടെ ഫോണ്‍ സംഭാഷണം പുറത്ത്

ദുബായ്: ബിഡിജെഎസ് സംസ്ഥാന പ്രസിഡന്റ് തുഷാര്‍ വെളളാപ്പളളിയെ ചെക്ക് കേസില്‍ കുടുക്കിയതാണെന്ന് സൂചന. തുഷാറിനെതിരെ പരാതി നല്‍കിയ നാസില്‍ അബ്ദുളള അഞ്ചുലക്ഷം രൂപ പ്രതിഫലം നല്‍കി ചെക്ക് മറ്റൊരാളില്‍ നിന്നും വാങ്ങിയതാണെന്ന് വ്യക്തമാക്കുന്ന ശബ്ദരേഖയാണ് പുറത്തുവന്നത്. തന്റെ സുഹൃത്തിനോട് നാസില്‍ അബ്ദുളള സംസാരിക്കുന്നതാണ് ശബ്ദരേഖ.

അഞ്ചു ലക്ഷം രൂപ നല്‍കിയാല്‍ തുഷാര്‍ ഒപ്പിട്ട ചെക്ക് ലഭിക്കുമെന്നും മറ്റ് രേഖകള്‍ കൈവശമുള്ളതിനാല്‍ തുഷാറിനെ കുടുക്കാന്‍ കഴിയുമെന്നും ഫോണ്‍ സംഭാഷണത്തില്‍ പറയുന്നു. തനിക്ക് തരാനുള്ള പണം തുഷാര്‍ കുറച്ച് നല്‍കിയിട്ടുണ്ട്. എന്നാല്‍, അത് തെളിയിക്കാന്‍ അദ്ദേഹത്തിന്റെ പക്കല്‍ രേഖയൊന്നുമില്ലെന്നും നാസില്‍ പറയുന്നതായി സംഭാഷണത്തില്‍ വ്യക്തമാണ്.

തുഷാര്‍ കുടുങ്ങിയാല്‍ എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെളളാപ്പളളി നടേശന്‍ പണം തരും. തുഷാര്‍ അകത്തായാല്‍ വെളളാപ്പളളി ഇളകുമെന്നും ശബ്ദരേഖയില്‍ പറയുന്നു.

തുഷാര്‍ ഇത്തരത്തില്‍ പലരെയും വിശ്വാസത്തിലെടുത്ത് ബ്ലാങ്ക് ചെക്ക് നല്‍കിയിട്ടുണ്ടെന്നും സുഹൃത്തിനോട് നാസില്‍ അബ്ദുളള പറയുന്ന വാക്കുകളില്‍ നിന്ന് വ്യക്തമാണ്. തുഷാര്‍ ദുബായില്‍ എത്തി അറസ്റ്റിലാകുന്നതിന് മുന്‍പുളള ശബ്ദരേഖയാണ് ഇതെന്നാണ് സൂചന. എന്നാല്‍ ഇതുസംബന്ധിച്ച് പ്രതികരിക്കാന്‍ നാസില്‍ തയ്യാറായിട്ടില്ല.

Top