റെംഡെസിവിര്‍ മരുന്നുമായി പിടിയിലായവര്‍ക്കെതിരെ കേസ്

ലഖ്നൗ: കാണ്‍പൂരില്‍ 265 റെംഡെസിവിര്‍ ഇഞ്ചക്ഷന്‍ കുപ്പികളുമായി അറസ്റ്റിലായ മൂന്നു പേര്‍ക്കെതിരെ ദേശീയ സുരക്ഷാ നിയമ കേസെടുക്കാന്‍ യോഗി സര്‍ക്കാര്‍ തീരുമാനിച്ചു. കൊവിഡ് ചികിത്സയ്ക്കാവശ്യമായ മരുന്നുകള്‍ കരിഞ്ചന്തയില്‍ വില്‍ക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കാന്‍ പൊലീസിന് നിര്‍ദേശം നല്‍കിയതായി സര്‍ക്കാര്‍ വക്താവ് അറിയിച്ചു.

പ്രതിസന്ധി നേരിടുന്ന ഈ സമയത്ത് നിയമവിരുദ്ധമായ ഒരു പ്രവര്‍ത്തനവും അനുവദിക്കില്ലെന്നും കര്‍ശനമായ നടപടി സ്വീകരിക്കുമെന്നും പൊലീസ് കമ്മിഷണര്‍ അസിം അരുണ്‍ വ്യക്തമാക്കി. കൊവിഡ് ചികിത്സക്ക് ഉപയോഗിക്കുന്ന ഒരു പ്രധാന മരുന്നാണ് റെംഡെസിവിര്‍.

കൊവിഡ് മരുന്നുകളുടെ ക്ഷാമം കണക്കിലെടുത്താണ് ചിലര്‍ ഉയര്‍ന്ന വിലക്ക് മരുന്ന് വില്‍ക്കുന്നത്. ഹരിയാന സ്വദേശി സച്ചിന്‍ കുമാര്‍, നൗബസ്തയിലെ പശുപതി നഗര്‍ സ്വദേശിയായ പ്രശാന്ത് ശുക്ല, ബക്തൗരി പൂര്‍വ സ്വദേശി മോഹന്‍ സോണി എന്നിവരാണ് അറസ്റ്റിലായത്. മരുന്ന് കമ്പനിയുമായി ബന്ധമുള്ള പശ്ചിമബംഗാള്‍ സ്വദേശി അപൂര്‍വ മുഖര്‍ജിയാണ് മോഹന്‍ സോണിക്ക് റെംഡെസിവിര്‍ ഇഞ്ചക്ഷന്‍ എത്തിച്ചു നല്‍കിയത്.

 

Top