ആശുപത്രിയിലെ രോഗികളുടെ കൂട്ടമരണം; ഡീനിനെ കൊണ്ട് ശുചിമുറി വൃത്തിയാക്കിപ്പിച്ച എംപിക്കെതിരെ കേസ്

മുംബൈ: മഹാരാഷ്ട്രയിലെ നന്ദേഡിലെ സര്‍ക്കാര്‍ ആശുപത്രിയിലെ ശുചിമുറി ആശുപത്രി ഡീനിനെ കൊണ്ട് വൃത്തിയാക്കിപ്പിച്ച ശിവസേന എംപിക്കെതിരെ കേസെടുത്തു. ഹേമന്ത് പാട്ടീലിന് എതിരെയാണ് പൊലീസ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തത്. ആശുപത്രി ഡീന്‍ ഡോ ശ്യാമറാവു വകോടയെ കൊണ്ടാണ് വൃത്തിഹീനമായ ടോയ്‌ലറ്റ് എംപി വൃത്തിയാക്കിച്ചത്. സര്‍ക്കാര്‍ ഉദ്യോഗസ്ഥന്റെ കൃത്യനിര്‍വഹണം തടസ്സപ്പെടുത്തിയെന്നും അപകീര്‍ത്തിപ്പെടുത്തിയെന്നുമുള്ള പരാതിയെ തുടര്‍ന്നാണ് കേസെടുത്തത്. ഡീനിന്റെ പരാതിയെ തുടര്‍ന്ന് ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ സര്‍ക്കാര്‍ ഉദ്യോഗസ്ഥന്റെ ജോലി തടസ്സപ്പെടുത്തല്‍, അപകീര്‍ത്തിപ്പെടുത്തല്‍, ഭീഷണിപ്പെടുത്തല്‍, എസ്‌സി എസ്ടി വകുപ്പ് എന്നിവ പ്രകാരമാണ് കേസെടുത്തത്.

ശങ്കര്‍റാവു ചവാന്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ 48 മണിക്കൂറിനിടെ 31 രോഗികള്‍ മരിച്ചതിന് പിന്നാലെയാണ് എംപി സ്ഥിതിഗതികള്‍ വിലയിരുത്താന്‍ ആശുപത്രിയില്‍ എത്തിയത്. സെപ്തംബര്‍ 30 മുതല്‍ ഒക്ടോബര്‍ 2 വരെയാണ് ആശുപത്രിയില്‍ ശിശുക്കള്‍ മരിച്ചത്. തുടര്‍ന്ന് വലിയ പ്രതിഷേധം ഉയരുന്നതിനിടെയാണ് ഹിംഗോളി എംപി ആശുപത്രി സന്ദര്‍ശിച്ച് ഡീനിന്റെ കയ്യില്‍ ചൂല്‍ നല്‍കിയത്. വൃത്തിഹീനമായ ടോയ്ലറ്റ് ഡീന്‍ ശുചിയാക്കുന്ന ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി.

സര്‍ക്കാര്‍ കോടികള്‍ ചെലവഴിക്കുന്നു, പക്ഷേ ഇവിടുത്തെ അവസ്ഥ കാണുമ്പോള്‍ എനിക്ക് വേദനയുണ്ട്. മാസങ്ങളായി ശുചിമുറികള്‍ വൃത്തിയാക്കുന്നില്ല. ആശുപത്രിയിലെ വാര്‍ഡുകളിലെ ടോയ്ലറ്റുകള്‍ പൂട്ടിയിരിക്കുകയാണ്. ടോയ്ലറ്റുകളില്‍ വെള്ളം ലഭ്യമല്ല എന്നാണ് എംപി ഇന്നലെ മാധ്യമങ്ങളോട് പറഞ്ഞിരുന്നു. അതേസമയം രോഗികളുടെ കൂട്ടമരണത്തില്‍ പ്രതികരണവുമായി ആശുപത്രി അധികൃതര്‍ രംഗത്തെത്തിയിരുന്നു. മതിയായ ചികിത്സ നല്‍കാന്‍ കഴിഞ്ഞില്ലെന്ന് തുറന്നു സമ്മതിക്കുകയായിരുന്നു ആശുപത്രി അധികൃതര്‍. ആവശ്യത്തിനു മരുന്നും സ്റ്റാഫും ഇല്ലെന്ന് അധികൃതര്‍ പറഞ്ഞു.

Top