കേരള സര്‍വകലാശാല യുവജനോത്സവ സംഘര്‍ഷം; എസ്എഫ്‌ഐ, കെ.എസ്.യു പ്രവര്‍ത്തകര്‍ക്കെതിരെ കേസ്

തിരുവനന്തപുരം: കേരള സര്‍വകലാശാല കലോത്സവത്തിനിടെ ഉണ്ടായ സംഘര്‍ഷത്തില്‍ എസ്എഫ്‌ഐ – കെ.എസ്.യു പ്രവര്‍ത്തകര്‍ക്കെതിരെ പൊലീസ് കേസെടുത്തു. കെ.എസ്.യു പ്രവര്‍ത്തകരെ മര്‍ദ്ദിച്ചതിന് എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ക്കെതിരെ രണ്ട് കേസാണ് എടുത്തിരിക്കുന്നത്. എസ്എഫ്‌ഐ ജില്ലാ ഭാരവാഹികള്‍ അടക്കമുള്ളവര്‍ക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. കലോത്സവേദിയില്‍ ഇടിച്ചു കയറിയതിനാണ് കെ.എസ്.യു പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്.

യൂണിവേഴ്‌സിറ്റി കലോത്സവത്തിന്റെ വേദിയായ യൂണിവേഴ്‌സിറ്റി സെനറ്റ് ഹാളിലാണ് ഇന്നലെ സംഘര്‍ഷമുണ്ടായത്. പ്രതിഷേധവുമായി കെ.എസ്.യു പ്രവര്‍ത്തകര്‍ എത്തിയതാണ് സംഘര്‍ഷാവസ്ഥത്തില്‍ കലാശിച്ചത്. ഒരു വിഭാഗം മത്സരങ്ങള്‍ അട്ടിമറിക്കാന്‍ ശ്രമിക്കുന്നുവെന്നും കലോത്സവത്തിനിടെ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ കെ.എസ്.യു പ്രവര്‍ത്തകരെ മര്‍ദ്ദിക്കുന്നുവെന്നും ആരോപിച്ചായിരുന്നു പ്രതിഷേധം. ഇക്കാര്യങ്ങള്‍ ഉന്നയിച്ച് കെ.എസ്.യു പ്രവര്‍ത്തകര്‍ വേദിയിലേക്ക് തള്ളിക്കയറുകയായിരുന്നു. ഇതിനിടെ എസ്എഫ്‌ഐ പ്രവര്‍ത്തകരും മുദ്രാവാക്യം വിളികളുമായി രംഗത്തെത്തി.ഇരു കൂട്ടരും ചേരി തിരിഞ്ഞ് മുദ്രാവാക്യം വിളിച്ചു. ഇതോടെ മത്സരങ്ങളും തടസപ്പെട്ടു. മത്സരങ്ങള്‍ തടസപ്പെട്ടതോടെ പ്രതിഷേധവുമായി മത്സരാര്‍ത്ഥികളും രംഗത്തെത്തി.

Top