നാമജപഘോഷയാത്രക്കെതിരായ കേസ്; എന്‍എസ്എസ് സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും

കൊച്ചി: തിരുവനന്തപുരത്ത് നാമജപഘോഷയാത്രയില്‍ പങ്കെടുത്തതിന്റെ പേരില്‍ കേസെടുത്തതിനെതിരെ എന്‍എസ്എസ് സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. ജസ്റ്റിസ് രാജാവിജയ രാഘവനാണ് ഹര്‍ജി പരിഗണിക്കുന്നത്.എന്‍എസ്എസ് വൈസ് പ്രസിഡന്റും കേസിലെ ഒന്നാം പ്രതിയുമായ സംഗീത് കുമാറാണ് മുതിര്‍ന്ന അഭിഭാഷകന്‍ പി.വിജയഭാനു മുഖേന ഹര്‍ജി നല്‍കിയത്. കേസ് നിയമപരമായി നിലനില്‍ക്കില്ലെന്നും, എഫ്ഐആര്‍ റദ്ദാക്കണമെന്നുമാവശ്യപ്പെട്ടാണ് ഹര്‍ജി.

നിയമവിരുദ്ധമായി സംഘം ചേരല്‍, ഗതാഗത തടസ്സം സൃഷ്ടിക്കല്‍ തുടങ്ങിയ വകുപ്പുകള്‍ നിലനില്‍ക്കില്ലെന്നാണ് ഹര്‍ജിയിലെ വാദം. സമാധാനപരമായി പ്രതിഷേധം സംഘടിപ്പിക്കുകയെന്നത് ഭരണഘടനാപരമായ അവകാശമാണെന്നും ഹര്‍ജിയില്‍ ഉന്നയിച്ചിട്ടുണ്ട്. ഇക്കഴിഞ്ഞ ബുധനാഴ്ചയായിരുന്നു എന്‍.എസ്.എസ് നാമജപ ഘോഷയാത്ര സംഘടിപ്പിക്കുകയും വിശ്വാസ സംരക്ഷണ ദിനം ആചരിക്കുകയും ചെയ്തത്. നാമജപഘോഷയാത്ര നടത്തിയതിന്റെ പേരില്‍ കന്റോണ്‍മെന്റ് പൊലീസാണ് കേസെടുത്തത്. കേസിന്റെ തുടര്‍ നടപടികളുമായി പൊലീസ് മുന്നോട്ടു പോകുന്നതിനിടയിലാണ് എന്‍.എസ്.എസ് ഹൈക്കോടതിയെ സമീപിച്ചത്.

Top