ഫോട്ടോ ഉപയോഗിച്ച് വ്യാജ പ്രചരണം; ഷാഹിദാ കമാല്‍ ഡിജിപിക്ക് പരാതി നല്‍കി

തിരുവനന്തപുരം: വനിതാ കമ്മീഷന്‍ അംഗം ഷാഹിദാ കമാലിന്റെ ഫോട്ടോ ഉപയോഗിച്ച് സാമൂഹ്യമാധ്യമങ്ങളില്‍ വ്യാജ പോസ്റ്റിട്ടതിനെതിരെ ഡിജിപിക്ക് പരാതി നല്‍കി. പോലീസ് ആസ്ഥാനത്ത് ഡിജിപിയെ നേരിട്ട് കണ്ട ശേഷമാണ് ഷാഹിദാ കമാല്‍ പരാതി കൈമാറിയത്. അന്വേഷിക്കുന്നതിനായി പരാതി സൈബര്‍ സെല്ലിന് ഡിജിപി കൈമാറിയതായും ഷാഹിദാ കമാല്‍ അറിയിച്ചു.

മുസ്ലീം പേഴ്സണല്‍ ലോ വനിതാ ബോര്‍ഡ് അധ്യക്ഷ എന്ന പേരില്‍ ഒരു പ്രമുഖ ചാനലില്‍ ഒരു രാഷ്ട്രീയ പാര്‍ട്ടിയെ ന്യായീകരിച്ച് അഭിപ്രായ പ്രകടനം നടത്തി എന്ന വിധത്തിലാണ് ഫോട്ടോ തെറ്റായി പ്രചരിപ്പിക്കുന്നത്. തന്റെ ഫോട്ടോ ഉപയോഗിച്ച് തെറ്റായ പദവി രേഖപ്പെടുത്തി താന്‍ ഒരിക്കലും എവിടെയും പറഞ്ഞിട്ടില്ലാത്ത കാര്യങ്ങളാണ് പ്രചരിപ്പിക്കുന്നതെന്ന് ഷാഹിദാ കമാല്‍ പരാതിയില്‍ വ്യക്തമാക്കി.

ഉയര്‍ന്ന പദവിയിലിരിക്കുന്ന സ്ത്രീകളെ മോശമായി ചിത്രീകരിക്കാനും രാഷ്ട്രീയമായും വ്യക്തിപരമായും തകര്‍ക്കാനുമുളള നീക്കം നടത്തുന്നവരാണ് പോസ്റ്റിനു പുറകിലെന്നും ഇവര്‍ക്കെതിരെ അറസ്റ്റ് ഉള്‍പ്പെടെയുളള മാതൃകാപരമായ നടപടികള്‍ എത്രയും വേഗം സ്വീകരിക്കണമെന്നും ഷാഹിദാ കമാല്‍ ഡിജിപിയോട് ആവശ്യപ്പെട്ടു.

Top