വിജയ്‌ മല്ല്യയ്ക്ക് കുരുക്ക് മുറുകുന്നു ; ബ്രിട്ടനിലും അന്വേഷണം

ലണ്ടന്‍: ഇന്ത്യയിലെ ബാങ്കുകളില്‍ 9000 കോടി രൂപ കുടിശിക വരുത്തി ലണ്ടനിലേക്ക് മുങ്ങിയ വിജയ്‌ മല്ല്യക്കെതിരെ ബ്രിട്ടനിലും അന്വേഷണം ആരംഭിച്ചു.

അനധികൃത പണമിടപാടുകള്‍ നടത്തിയതായി സംശയം ഉണ്ടായതിനെത്തുടര്‍ന്ന് ബ്രിട്ടനിലെ സീരിയസ് ഫ്രോഡ് ഓഫീസ് ആണ് മല്ല്യക്കെതിരെ അന്വേഷണം തുടങ്ങിയത്.

കള്ളക്കമ്പനികളുടെ പേരില്‍ ഇന്ത്യയില്‍ നിന്ന് വളഞ്ഞ വഴിയിലൂടെ ബ്രിട്ടനിലേക്കും അവിടെ നിന്ന് സ്വിറ്റ്‌സര്‍ലണ്ടിലേക്കും മറ്റു രാജ്യങ്ങളിലേക്കും കോടികള്‍ കടത്തിയെന്നാണ് പ്രധാന ആരോപണം.

ഇന്ത്യയില്‍ നിന്ന് തട്ടിച്ചെടുത്ത പണം ബ്രിട്ടനില്‍ ഇയാള്‍ നിക്ഷേപിച്ചുവെന്നും സൂചനയുണ്ട്.

മല്ല്യയുടെ സ്വത്തുക്കള്‍, ബ്രിട്ടനിലെ വിവിധ സ്ഥാപനങ്ങളിലുള്ള നിക്ഷേപങ്ങള്‍, ഓഹരികള്‍, അക്കൗണ്ടുകള്‍ എന്നിവയെ സംബന്ധിച്ചുള്ള വിവരങ്ങള്‍ ഫ്രോഡ് ഓഫീസ് ശേഖരിച്ചു കഴിഞ്ഞു. മല്ല്യയുമായി ബന്ധമുള്ള ബ്രിട്ടീഷ് കമ്പനികള്‍ വഴിയാണോ തട്ടിപ്പ് നടത്തിയത് എന്നും അന്വേഷിക്കുന്നുണ്ട്.

മല്ല്യക്കെതിരെ സ്വതന്ത്രമായ അന്വേഷണം നടത്തിവരികയാണെന്ന് ബ്രിട്ടീഷ് അധികൃതര്‍ ഇന്ത്യയെ അറിയിച്ചിട്ടുമുണ്ട്.

മാത്രമല്ല, കൈയിലുള്ള വിവരങ്ങള്‍ കൈമാറാന്‍ ബ്രിട്ടന്‍ സിബിഐയോടും എന്‍ഫോഴ്‌മെന്റിനോടും അഭ്യര്‍ഥിച്ചിട്ടുമുണ്ട്.

മല്ല്യയെ വിട്ടു നല്‍കണമെന്ന് ആവശ്യപ്പെടുള്ള കേസ് വെസ്റ്റ്മിന്‍സ്റ്റര്‍ കോടതിയില്‍ നടക്കുകയാണ്. മല്ല്യക്കെതിരായ സീരിയസ് ഫ്രോഡ് ഓഫീസിന്റെ അന്വേഷണം ഇന്ത്യയുടെ കേസിന് ബലമേകും.

ഇന്ത്യയും ബ്രിട്ടനും തമ്മിലുള്ള കരാര്‍ പ്രകാരം രണ്ടു രാജ്യങ്ങളിലും ഇയാള്‍ ക്രിമിനല്‍ കുറ്റങ്ങള്‍ ചെയ്തുവെന്ന് വ്യക്തമായാല്‍, ഇയാളെ ഇന്ത്യയിലേക്ക് മടക്കി അയക്കുക എളുപ്പമാകും.

ഇന്ത്യയില്‍ നിന്ന് തട്ടിച്ചെടുത്ത പണം ബ്രിട്ടനില്‍ ഇയാള്‍ നിക്ഷേപിച്ചെന്നുള്ളതിന് നിരവധി തെളിവുകള്‍ ബ്രിട്ടന് നല്‍കിയതായി ഒരു മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ പറഞ്ഞു.

Top