‘പറക്കുംതളിക മോഡൽ’ കല്യാണഓട്ടം; കെഎസ്ആർടിസി ബസിനെതിരെ കേസെടുത്തു മോട്ടോർവാഹന വകുപ്പ്

കൊച്ചി: നിയമം കാറ്റിൽ പറത്തി കെഎസ്ആർടിസി ബസ് കല്യാണയാത്ര നടത്തിയ സംഭവത്തിൽ മോട്ടോർവാഹന വകുപ്പ് കേസെടുത്തു. വഴികാണാത്തവിധം അലങ്കാരം നടത്തി യാത്ര നടത്തിയതിനാണ് കേസ്. ബസോടിച്ച കോതമംഗലം ഡിപ്പോയിലെ ഡ്രൈവർ എൻ എം റഷീദിന് കാരണം കാണിക്കൽ നോട്ടീസും നൽകി.

കോതമംഗലത്തു നിന്ന് അടിമാലിയിലേക്ക് വാഹന നിയമങ്ങൾ ലംഘിച്ച് ബസ് യാത്ര നടത്തുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു.’ഈ പറക്കും തളിക’ എന്ന സിനിമയിലെ രംഗത്തെ അനുസ്മരിപ്പിക്കുന്ന തരത്തിൽ കാടും പടലും നിറയെ അലങ്കാരമെന്നോണം വച്ചുപിടിപ്പിച്ചായിരുന്നു ബസിന്റെ യാത്ര. മാത്രമല്ല ചിത്രത്തിലെ ബസിന്റെ പേരായ ‘താമരാക്ഷൻ പിള്ള’ എന്ന പേരും കെഎസ്ആർടിസിയെന്ന പേര് മായ്ച്ച് വലിയ അക്ഷരത്തിൽ പതിപ്പിച്ചിരുന്നു. യാത്ര വിവാദമായതിന് പിന്നാലെ പരിശോധന നടത്തിയതിന്റെ അടിസ്ഥാനത്തിലാണ് മോട്ടോർ വാഹനവകുപ്പ് നടപടിയെടുത്തത്.

നിലവിൽ ഞായറാഴ്ച ദിവസങ്ങളിൽ കല്യാണ ഓട്ടങ്ങൾക്ക് കെഎസ്ആർടിസി ബസ് വാടകയ്ക്ക് നൽകാറുണ്ട്. കെഎസ്ആർടിസിയിൽ പരസ്യങ്ങൾ പോലും പാടില്ലെന്ന കർശന ഉത്തരവ് നിൽക്കെയാണ് നിയമം ലംഘിച്ച് കൊണ്ടുള്ള നടപടി. കോതമംഗലത്തു നിന്ന് യാത്ര തുടങ്ങിയ ബസ് പല സ്ഥലത്തും നിർത്തി ആളുകളെ ഇറക്കി കുറച്ച് സമയം ആഘോഷം നടത്തിയ ശേഷമാണ് യാത്ര തുടർന്നത്.

Top