ജെഎൻയു അക്രമം: ഐഷി ഘോഷിനെതിരെ കേസെടുത്ത് പൊലീസ് !

ന്യൂഡൽഹി: ജെഎൻയു ആക്രമണത്തിനെതിരെ രാജ്യമൊട്ടാകെ പ്രതിഷേധം ഉയരുന്നതിനിടയിൽ ജെഎൻയു വിദ്യാർത്ഥി യൂണിയൻ പ്രസിഡൻറ് ഐഷി ഘോഷിനെതിരെ കേസെടുത്ത് ഡൽഹി പൊലീസ്.

ജനുവരി നാലിന് ക്യാമ്പസിലെ സെർവർ റൂമിൽ നാശനഷ്ടം വരുത്തിയെന്ന പരാതിയിലാണ് കേസെടുത്തിരിക്കുന്നത്.സർവകലാശാല നൽകിയ പരാതിയിൽ ഐഷി ഉൾപ്പെടെ 19 പേർക്കെതിരെയാണ് പൊലീസ് കേസെടുത്തത്.

ഞായറാഴ്ച രാത്രി ജെഎൻയുവിൽ പുറത്ത് നിന്നെത്തിയ സംഘം അധ്യാപകരെയും അനധ്യാപകരെയും വിദ്യാർത്ഥികളെയും ക്രൂരമായി തല്ലിചതച്ചിരുന്നു. ഇതിനെതിരെ ഡൽഹി പൊലീസിനെതിരെയും സർവകലാശാലവൈസ് ചാൻസലർക്കെതിരെയും വ്യാപക പ്രതിഷേധം ഉയരുന്നതിനിടെയാണ് യൂണിയൻ പ്രസിഡൻറും അക്രമത്തിൽ ഗുരുതരമായി പരിക്കേൽക്കുകയും ചെയ്ത ഐഷിക്കെതിരെ കേസെടുത്ത വാർത്ത പുറത്ത് വരുന്നത്.

അതേസമയം, ജെഎൻയുവിൽ നടന്ന അക്രമസംഭവങ്ങൾക്ക് ശേഷം പ്രതികരണവുമായി ഐഷി ഘോഷ് രംഗത്ത് വന്നിരുന്നു. പ്രതിഷേധത്തിൽ നിന്ന് ഒരിഞ്ചു പോലും പിൻവാങ്ങില്ലെന്ന് ഐഷി പറഞ്ഞു. സുരക്ഷിതയാണെന്നും എല്ലാവരോടും നന്ദിയുണ്ടെന്നും ഐഷി ഫേസ്ബുക്കിലൂടെ അറിയിച്ചു. ‘എല്ലാവർക്കും നന്ദി, ഞാൻ തിരിച്ചെത്തി, സുരക്ഷിതയാണ്. തയ്യാറാണ്. ഒരിഞ്ചു പോലും പിന്നോട്ടില്ല’- ഐഷി കുറിച്ചു.

Top