യുവതിയേയും കുഞ്ഞിനേയും വീട്ടിൽ നിന്ന് ഇറക്കിവിട്ട സംഭവം; ഭർത്താവിനും അമ്മയ്ക്കും സഹോദരിക്കും എതിരെ കേസ്

കൊല്ലം: യുവതിയെയും കുഞ്ഞിനെയും വീട്ടിൽ നിന്ന് പുറത്താക്കിയ സംഭവത്തിൽ ഭർത്താവിനും ഭർതൃ മാതാവിനും ഭർതൃ സഹോദരിക്കുമെതിരെ കേസെടുത്ത് പൊലീസ്. കഴിഞ്ഞ ദിവസം കൊല്ലം കൊട്ടിയത്താണ് സംഭവമുണ്ടായത്. വീട്ടുകാർ ഗേറ്റ് പൂട്ടിയതിനെ തുടർന്ന് യുവതിക്കും കുഞ്ഞിനും രാത്രി വീടിന് പുറത്ത് കിടക്കേണ്ടി വന്നു. സ്‌കൂളിൽ പോയ യുണിഫോം പോലും മാറാതെ വീട്ടുപടിക്കൽ നിൽക്കേണ്ട ​ഗതികേടിലായിരുന്നു അഞ്ച് വയസുകാരനും അമ്മയും. തഴുത്തല പികെ ജങ്ഷൻ ശ്രീനിലയത്തിൽ ഡിവി അതുല്യക്കും മകനുമാണ് ദുരനുഭവമുണ്ടായത്.

ഇതുമായി ബന്ധപ്പെട്ട് ഭർത്താവ് പ്രതീഷ് ലാൽ, ഇയാളുടെ അമ്മ അജിത കുമാരി, സ​ഹോ​ദരി പ്രസീത എന്നിവർക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. സ്ത്രീധന പീഡനം, ബാലനീതി വകുപ്പുകൾ ചുമത്തിയാണ് മൂവർക്കുമെതിരെ കൊട്ടിയം പൊലീസ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.

കഴിഞ്ഞ ദിവസം സംഭവം നടന്നിട്ടും പൊലീസ് ഒരു നടപടിയും സ്വീകരിക്കാതിരുന്നത് നാട്ടുകാരുടെ വലിയ പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു. പിന്നാലെയാണ് ഇപ്പോൾ കേസെടുത്തിരിക്കുന്നത്. ഇന്നലെ ഉച്ചയോടെയാണ് പൊലീസ് യുവതിയുടെ മൊഴിയെടുത്തത്. വിഷയത്തിൽ കൂടുതൽ അന്വേഷണം നടത്തുമെന്ന് പൊലീസ് വ്യക്തമാക്കി. നേരത്തെ വിഷയത്തിൽ ദേശീയ, സംസ്ഥാന വനിതാ കമ്മീഷനും ബാലാവകാശ കമ്മീഷനും ഇടപ്പെട്ടിരുന്നു.

കഴിഞ്ഞ ദിവസം സ്‌കൂളിൽ നിന്ന് മകനെ വിളിക്കാനായി അതുല്യ പുറത്തിറങ്ങിയപ്പോൾ വീട്ടുകാർ ഗേറ്റ് പൂട്ടുകയായിരുന്നു. വിവാഹം കഴിഞ്ഞ നാൾ മുതൽ പീഡനം സഹിക്കുകയാണെന്നും സ്ത്രീധനം കുറഞ്ഞുപോയി, വണ്ടി നൽകിയില്ല എന്നെല്ലാം പറഞ്ഞ് എല്ലാ ദിവസവും പരാതിയാണെന്നും അതുല്യ വ്യക്തമാക്കിയിരുന്നു.

സ്കൂളിൽ നിന്ന് കുഞ്ഞുമായി വീട്ടിലെത്തിയപ്പോൾ രണ്ട് ഗെയിറ്റും പൂട്ടിയിട്ടിരിക്കുന്ന അവസ്ഥയാണ് കണ്ടത്. അടുത്തുള്ള കൊട്ടിയം സ്റ്റേഷനിൽ വിവരമറിയിച്ചു. കൊല്ലം സിറ്റി കമ്മീഷണറെ നേരിട്ട് വിളിക്കുകയും ചെയ്തു. ശിശുക്ഷേമ വകുപ്പിലും അറിയിച്ചു. ഇന്നലെ രാത്രി 11:30 വരെ ഗെയിറ്റിന് മുന്നിൽ ഇരുന്നു. പിന്നെ നാട്ടുകാരുടെ സഹായത്തോടെ അകത്തു കടന്ന് വീടിന്റെ സിറ്റൗട്ടിൽ ഇരിക്കുകയായിരുന്നു.

Top