നടിയെ ആക്രമിച്ച കേസ് ; കുറ്റപത്രം ചോര്‍ന്നെന്ന ദിലീപിന്റെ പരാതിയില്‍ അന്വേഷണമില്ല

dileep

തിരുവനന്തപുരം: നടിയെ ആക്രമിച്ച കേസിലെ കുറ്റപത്രം ചോര്‍ന്നെന്ന ദിലീപിന്റെ പരാതിയില്‍ അന്വേഷണമില്ല. അന്വേഷണ ഉദ്യോഗസ്ഥന് അങ്കമാലി മജിസ്‌ട്രേറ്റ് കോടതി താക്കീത് നല്‍കി.

കുറ്റപത്രം ചോര്‍ന്നതിന്റെ പൂര്‍ണ ഉത്തരവാദിത്വം അന്വേഷണ ഉദ്യോഗസ്ഥനാണെന്നും, കുറ്റപത്രം ചോര്‍ന്നത് ഗൗരവകരമാണെന്നും കോടതി നിരീക്ഷിച്ചു. ദിലീപിന്റെ പരാതിയിലെ തുടര്‍നടപടികളും കോടതി അവസാനിപ്പിച്ചു.

നേരത്തെ, നടി ആക്രമിക്കപ്പെട്ട കേസിന്റെ കുറ്റപത്രം ചോര്‍ന്നത് അന്വേഷിക്കണമെന്ന് അങ്കമാലി മജിസ്‌ട്രേട്ട് കോടതി ഉത്തരവിട്ടിരുന്നു. അന്വേഷണം ആവശ്യപ്പെട്ട് കേസിലെ എട്ടാം പ്രതി ദിലീപ് നല്‍കിയ ഹര്‍ജിയിലാണ് കോടതി ഉത്തരവ്.

കേസില്‍ നവംബര്‍ 21നാണ് പ്രത്യേക അന്വേഷണ സംഘം കുറ്റപത്രം അങ്കമാലി മജിസ്‌ട്രേട്ട് കോടതിയില്‍ സമര്‍പ്പിച്ചത്. സൂക്ഷ്മപരിശോധനയ്ക്ക് ശേഷം കോടതി അത് ഡിസംബറില്‍ മാത്രമാണ് സ്വീകരിച്ചത്. എന്നാല്‍, കുറ്റപത്രം സമര്‍പ്പിച്ച് മണിക്കൂറുകള്‍ക്കുള്ളില്‍ അതിന്റെ പകര്‍പ്പ് മാധ്യമങ്ങള്‍ക്ക് ലഭിച്ചിരുന്നു. ഇത് അന്വേഷണ സംഘം ചോര്‍ത്തി നല്‍കിയതാണെന്നാണ് ദിലീപ് ആരോപിച്ചത്. പൊലീസ് നല്‍കിയ കുറ്റപത്രം കോടതി സൂക്ഷ്മ പരിശോധന നടത്തി സ്വീകരിക്കുന്നതിന് മുമ്പ് തന്നെ വിവരങ്ങള്‍ പുറത്തായത് ഗുരുതര വീഴ്ചയാണെന്നും ഇത്തരമൊരു കുറ്റപത്രത്തിന് സാധുതയില്ലെന്നും ദിലീപ് വാദിച്ചു. അതിനാല്‍ കുറ്റപത്രം റദ്ദാക്കണമെന്നും ദിലീപ് ആവശ്യപ്പെട്ടു. എന്നാല്‍, കുറ്റപത്രം സ്വീകരിച്ചു കഴിഞ്ഞതിനാല്‍ ഇനി റദ്ദാക്കാനാവില്ലെന്ന് കോടതി വ്യക്തമാക്കി. അതേസമയം, കുറ്റപത്രം ചോര്‍ന്നതിനെ കുറിച്ച് അന്വേഷണം നടത്താമെന്ന് കോടതി സമ്മതിക്കുകയും ചെയ്തിരുന്നു.

Top